ബുദ്ധിശാലികളായ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാറിൻ്റെ വൻ സ്കോളർഷിപ്പ് പദ്ധതി

Saturday 10 February 2018 11:44 am IST

ന്യൂദല്‍ഹി: ബുദ്ധിശാലികളായ വിദ്യാര്‍ഥികള്‍ രാജ്യം വിടുന്നതു തടയാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ പി.എം. റിസര്‍ച്ച്‌ ഫെലോഷിപ്പ് (പി.എം.ആര്‍.എഫ്.) പദ്ധതിയനുസരിച്ച്‌ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് മാസം 70,000 രൂപ മുതല്‍ 80,000 രൂപ വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

2018-19 അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ ബി ടെക്കോ എംടെക്കോ കഴിഞ്ഞവര്‍ക്കും അവസാന വർഷ വിദ്യാര്‍ത്ഥികളെയമാണ് പരിഗണിക്കുന്നത്. പറഞ്ഞിരിക്കുന്ന മാനദണ്ഡം അനുസരിച്ച്‌ വരുന്ന അപേക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ആദ്യ രണ്ടു വര്‍ഷം 70,000 രൂപ ഫെലോഷിപ്പ് കിട്ടും. മൂന്നാം വര്‍ഷം മാസം 75,000 രൂപ വീതവും നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷങ്ങള്‍ പ്രതിമാസം 80,000 രൂപയും കിട്ടും.

ഇതിനായി മൂന്നു വര്‍ഷത്തേക്ക് 1,650 കോടി രൂപ അനുവദിച്ചു. ഐ.ഐ.ടി., ഐസര്‍, എന്‍.ഐ.ടി. ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെയാണു സര്‍ക്കാര്‍ നോട്ടമിടുന്നത്. പി.ജി., എം.ഫില്‍ കോഴ്സുകള്‍ക്കു 8.5 ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് ലഭിച്ചവര്‍ക്കാണു സ്കോളര്‍ഷിപ്പ്. അഞ്ചു വര്‍ഷത്തിനിടയില്‍ അന്താരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും വിദേശത്തേക്കുള്ള യാത്രാ ചെലവുകള്‍ക്കും മറ്റുമായി രണ്ടുലക്ഷം വീതം ഗ്രാന്റും കിട്ടുന്ന നിലയിലാണ് ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.