ബെഹ്റയുടെ നിയമനം ചട്ടവിരുദ്ധം

Saturday 10 February 2018 12:35 pm IST

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ വിജിലന്‍സിന്റെ തലപ്പത്ത് എത്തിച്ചതെന്ന് വിവരാവകാശ രേഖകള്‍.

 ഐപിഎസ് ഉദ്യോഗസ്ഥനെ ഒരു മാസത്തില്‍ കൂടുതല്‍  ലീവ് വേക്കന്‍സിയില്‍ നിയമിക്കണമെങ്കില്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അങ്ങനെയിരിക്കെ ബെഹ്‌റയുടെ നിയമനം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടുകയോ ഔദ്യോഗികമായി അറിയിക്കുകയോ പോലും ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2017 മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനെ മാറ്റി വിജിലന്‍സ് ഡയറക്ടറായി ബെഹ്‌റയെ നിയമിച്ചത്. ആദ്യം താല്‍കാലികമായി ചുമതല നല്‍കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുമായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിഞ്ഞില്ലന്ന് അറിയിച്ച സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് ബെഹ്റയെ ഒഴിവാക്കും. ജയില്‍ മേധാവി ആര്‍. ശ്രീലേഖയെ പകരം നിയമിക്കാനാണ് സാധ്യത. വിജിലന്‍സ് അഡീ. ഡിജിപി ഷേക് ദര്‍വേഷ് സാഹിബിനു ഡയറക്ടറുടെ പൂര്‍ണചുമതല നല്‍കാനും ആലോചനയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയേ നിയമനം നടപ്പാക്കൂ

വിജിലന്‍സ് ഡയറക്ടറായുള്ള ബെഹ്‌റയുടെ പ്രവര്‍ത്തനം മോശമാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ബെഹ്‌റ ചുമതലയേറ്റതോടെ 11 മാസത്തിനിടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ 13 കേസുകളിലാണ് തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അഴിമതികേസുകളില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം 30 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനും റദ്ദാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.