പി.വി അന്‍വര്‍ എംഎല്‍എയുടെ സാമ്പത്തിക തട്ടിപ്പ് സ്ഥിരീകരിച്ച് പോലീസ്

Saturday 10 February 2018 12:44 pm IST

നിലമ്പൂര്‍ : പി.വി അന്‍വര്‍ എംഎല്‍എ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. ഇല്ലാത്ത ക്രഷറിന്റെ പേരില്‍ മലപ്പുറത്തെ പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മലപ്പുറത്തെ പ്രവാസി വ്യവസായിക്ക് ക്രഷര്‍ നല്‍കാമെന്ന് പറഞ്ഞ് നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വര്‍ പണം വാങ്ങിയെന്നത് സംബന്ധിച്ച് നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി ശരിയാണെന്നും 50 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് നടത്തിയതെന്നും കണ്ടെത്തിയിരിക്കുന്നത്.

മംഗലാപുരത്തെ ബല്‍ത്താങ്ങാടിയില്‍ കെ.ഇ ക്രഷര്‍ എന്ന പേരില്‍ പിവി അന്‍വറിന്റെ പേരില്‍ ഒരു ക്രഷര്‍ യൂണിറ്റ് ഉണ്ട്. എന്നാല്‍ 50 ലക്ഷം രൂപ വിലവരുന്ന മറ്റൊരു ക്രഷറുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രവാസി വ്യവസായിയില്‍ നിന്ന് പണം വാങ്ങിയിരുന്നത്. ഇല്ലാത്ത ക്രഷറിന്റെ പേരില്‍ രജിസ്ട്രേഷന്‍ രേഖകള്‍ ഉണ്ടാക്കിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചതായാണ് സൂചന. കൃത്യമായ പണം നല്‍കാതെ വസ്തു തട്ടിയെടുത്തുവെന്നത് സംബന്ധിച്ച പരാതിയും പിവി അന്‍വറിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു.

കൂടാതെ കക്കാടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് കോഴിക്കോട് കലക്ടര്‍ യുവി ജോസ് നേരിട്ടെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ അടുത്തയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും.

സാമ്പത്തിക തട്ടിപ്പ് പോലീസ് സ്ഥിരീകരിക്കുകയും മറ്റ് കേസുകള്‍ എതിരാവുകയും ചെയ്യുകയാണെങ്കില്‍ അന്‍വറിന്റെ എംഎല്‍എ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.