സമ്മിശ്ര കൃഷിയില്‍ സഹദേവന്റെ വിജയഗാഥ

Sunday 11 February 2018 2:30 am IST

കാലത്തിന്റെ യന്ത്രവേഗത്തില്‍ മണ്ണിനോടും കൃഷിയോടും മമതയില്ലാത്ത പുതുതലമുറയ്ക്ക് പാഠമാണ് പാലക്കാട് കൊല്ലങ്കോട് നെന്മേനി തേക്കിന്‍ചിറ കളത്തില്‍ ടി.സഹദേവന്‍ എന്ന കര്‍ഷകന്‍. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച സഹദേവന് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കൃഷിയോട് താല്‍പ്പര്യമുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ തന്റെ ഉപജീവനത്തിന് കാര്‍ഷിക മേഖലയെ കൂട്ട് പിടിക്കാന്‍ സഹദേവന് അധികം ആലോചിക്കേണ്ടി വന്നില്ല. 12 ഏക്കര്‍ വസ്തുവില്‍ എല്ലാ കൃഷികളും പരീക്ഷിക്കുന്നതിനും ഈ മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നതിനും സഹദേവന് കഴിഞ്ഞു. ജൈവ കൃഷി പിന്തുടരുന്നതാണ് ഈ നേട്ടങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത്. അടുത്തിയ മികച്ച സമ്മിശ്ര കര്‍ഷകനുള്ള കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം സഹദേവനെ തേടിയെത്തി.

തെങ്ങ്, നെല്ല്, മത്സ്യം വളര്‍ത്തല്‍, വിവിധയിനം പച്ചക്കറി എന്നിവയാണ് സഹദേവന്റെ കൃഷികള്‍. ജൈവവള പ്രയോഗത്തിലൂടെയുള്ള ഈ കാര്‍ഷിക വിപ്ലവം കൊല്ലക്കോട് ബ്ലോക്ക് പഞ്ചായത്തും കൃഷി ഭവനും തിരിച്ചറിഞ്ഞു.

 

ഗ്രോബാഗില്‍ നെല്‍ക്കൃഷി

വയലുകള്‍ നികന്നുപോകുന്നതോടെ നെല്‍ക്കൃഷി പ്രതിസന്ധിയിലാകും. സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ഈര്‍പ്പമുള്ള മണ്ണില്‍ കരനെല്‍ക്കൃഷി നടത്തി നെല്‍ക്കൃഷിയെ പരിപോഷിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ ശ്രമങ്ങള്‍ പോലെ തന്നെ ഗ്രോബാഗില്‍ നെല്ല് വിളയിച്ചാണ് സഹദേവന്‍ നെല്‍ക്കൃഷിയോടുള്ള സ്‌നേഹം പ്രകടമാക്കുന്നത്. മണ്ണ്, ചകിരിച്ചോറ്, വേപ്പിന്‍പിണ്ണാക്ക്, കച്ചി എന്നിവ നിറച്ച പന്ത്രണ്ട് കിലോഗ്രാം തൂക്കമുള്ള ഗ്രോബാഗില്‍ ഉമ എന്ന നെല്‍വിത്ത് നട്ടു. 90 ദിവസം പരിചരിച്ചു. ഒറ്റനെല്‍വിത്തില്‍ നിന്ന് നാല്‍പ്പത്തിയഞ്ച് നെല്‍ക്കതിരുകള്‍ ഉണ്ടായി. ഒരു നെല്‍ക്കതിരില്‍ ചുരുങ്ങിയത് 100 നെല്‍മണിയുണ്ടായിരുന്നു. ഈ പരീക്ഷണം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അറിഞ്ഞു. 

ടെറസിന് മുകളില്‍ ഗ്രോബാഗുകളില്‍ നെല്ല് വിളയിക്കാനുള്ള പദ്ധിതിക്കാണ് സഹദേവന്റെ പരീക്ഷണം വഴിവച്ചത്. തുടര്‍ന്ന് 100 ഗ്രോബാഗുകളില്‍ നെല്ല് നട്ടു പ്രദര്‍ശന കൃഷിത്തോട്ടമുണ്ടാക്കി. ഇതിനോടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകരും ഉദ്യോഗസ്ഥരും ഗ്രോബാഗിലെ നെല്‍ക്കൃഷിയെക്കുറിച്ച് സഹദേവനുമായി ചര്‍ച്ച നടത്തുകയും കൃഷി തുടങ്ങുകയും ചെയ്യും. 

സഹദേവന്‍ ഒരുക്കിയ പ്രദര്‍ശന കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ആഘോഷമാക്കിമാറ്റാനൊരുങ്ങുകയാണ് കൃഷിഭവന്‍ അധികൃതരും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.