ലൈഫ് : പൂര്‍ത്തിയായത് 9 ശതമാനം വീടുകള്‍ മാത്രം

Sunday 11 February 2018 1:34 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ ലൈഫ് മിഷന്‍  ഇഴഞ്ഞു നീങ്ങുന്നു. ആദ്യഘട്ടത്തില്‍ ഇതു വരെ പണി പൂര്‍ത്തിയായത് 5951 വീടുകള്‍ മാത്രം. ലക്ഷ്യത്തിന്റെ 9 ശതമാനം. ആദ്യഘട്ടത്തില്‍ 65,750 പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.

 ഗ്രാമപഞ്ചായത്തുകളില്‍ 174, ബ്ലോക് പഞ്ചായത്തുകളില്‍ 2174, ജില്ലാ പഞ്ചായത്തുകളില്‍ രണ്ട്, മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 532, പട്ടികജാതി വകുപ്പില്‍ 1381, പട്ടികവര്‍ഗവകുപ്പില്‍ 1662, ഫിഷറീസ് വകുപ്പില്‍ 16, ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ 10 എന്നിങ്ങനെയാണ് ഇതുവരെ പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം. ബാക്കിയുള്ള 60799 വീടുകള്‍ക്കായി വാര്‍ഡുകളില്‍ കര്‍മസമിതികള്‍ രൂപീകരിച്ച് ഭവനസന്ദര്‍ശനം നടക്കുന്നതേയുള്ളു.

സംസ്ഥാനത്ത് ആറുലക്ഷത്തിലധികം ഭവന രഹിതര്‍ ഉണ്ടെന്നാണ് കണക്ക്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 1,75,000 ത്തോളം പേര്‍ക്ക് ഗ്രാമങ്ങളിലും 75,000 ത്തോളം പേര്‍ക്ക് നഗരങ്ങളിലും വീടുകള്‍ നല്‍കുന്നതിനും വീടും സ്ഥലവും ഇല്ലാത്ത 3,38,380 പേര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. കെട്ടിട സമുച്ചയങ്ങളുടെ എസ്റ്റിമേറ്റുകള്‍ അന്തിമമാക്കാനുള്ള നടപടികളും നടന്നുവരികയാണ്. 

അടുത്ത  സാമ്പത്തിക വര്‍ഷം ആദ്യംതന്നെ വീട് നിര്‍മിക്കുന്നതിനുള്ള അഡ്വാന്‍സ് തുക നല്‍കാനും ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിലേക്കായി  2500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിന്റെ ഇഴച്ചില്‍ രണ്ടാം ഘട്ടത്തേയും പ്രതികൂലമായി ബാധിക്കും.

മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി വീട് പൂര്‍ത്തീകരിക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് അഡ്വാന്‍സ് പേമെന്റ് നല്‍കുന്നതിനുള്ള സൗകര്യം ലൈഫ് മിഷനിലുണ്ട്. നാലുലക്ഷം രൂപ വരെ നല്‍കും. നിര്‍മാണവുമായി ബന്ധപ്പെട്ട് സാമഗ്രികളും മറ്റും സന്നദ്ധ സംഘടനകളില്‍ നിന്ന് ലഭ്യമാക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.