അയോധ്യ: പള്ളി ലക്‌നൗവില്‍ പണിയണമെന്ന് നദ്‌വി

Sunday 11 February 2018 2:06 am IST

ഹൈദരാബാദ്: അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് 26ാമത് പ്ലീനറി യോഗത്തിന്റെ ആദ്യ ദിവസം വിവാദത്തിലും തര്‍ക്കത്തിലും കുരുങ്ങി. ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും പരിഷ്‌ക്കരണവാദിയുമായ മൗലാനാ സെയ്ദ് സല്‍മാന്‍ ഹുസൈനി നദ്‌വിയുടെ നിര്‍ദ്ദേശമാണ് ബോര്‍ഡിനെ വെട്ടിലാക്കിയത്. 

അയോധ്യയില്‍ നിന്നകന്ന് മറ്റൊരു സ്ഥലത്ത് പടുകൂറ്റന്‍ പള്ളിയും സര്‍വ്വകലാശാലയും സ്ഥാപിക്കണമെന്നാണ് നദ്‌വിയും ആദ്ദേഹത്തിനൊപ്പമുള്ള ആറു പേരും  യോഗത്തില്‍  പറഞ്ഞത്. ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറെ കണ്ട് ചര്‍ച്ച നടത്തിയതും ഇവരായിരുന്നു. 

പള്ളികള്‍ മാറ്റി സ്ഥാപിക്കാന്‍ മുസ്ലീം നിയമം അനുവദിക്കുന്നുണ്ടെന്നും ഇത്തരമൊരു സമാധാന നീക്കത്തെ മുഴുവന്‍ മുസ്ലീങ്ങളും പിന്തുണയ്ക്കുമെന്നും നദ്‌വി പറഞ്ഞു.  കഴിഞ്ഞ ദിവസവും നദ്‌വി ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹിന്ദു- മുസ്ലീം നേതാക്കള്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും നദ്‌വി അഭിപ്രായപ്പെട്ടു. പള്ളി പണിയാന്‍ പുറത്ത് എവിടെയെങ്കിലും സ്ഥലം അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോടാവശ്യപ്പെട്ടു.

എന്നാല്‍ യോഗം നിര്‍ദ്ദേശങ്ങള്‍ തള്ളി. ബാബറി പള്ളിക്കുവേണ്ടിയുള്ള സ്ഥലത്തില്‍ ഒരു  വിട്ടുവീഴ്ചക്കുമില്ല. ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഇസ്ലാം മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ബലികഴിച്ച് വിട്ടുവീഴ്ചയ്ക്ക് ഇല്ല. അതിനാലാണ് മുന്‍പു നടന്ന ശ്രമങ്ങളും പരാജയപ്പെട്ടത്. ബോര്‍ഡ് പറയുന്നു. 90 ഡിസംബറിലും 93 ജനുവരിയിലും ബോര്‍ഡ് പാസാക്കിയ പ്രമേയങ്ങളില്‍ മാറ്റമില്ല. ബാബറി പള്ളിക്ക് അയോധ്യയിലുള്ള സ്ഥലം വില്ക്കില്ല, ആര്‍ക്കും സമ്മാനമായി നല്‍കുകയുമില്ല, അത് അള്ളാഹുവിനുള്ളതാണ്. ബോര്‍ഡ് യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.  വസ്തുവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലാണ്, കോടതിയുടെ അഭിപ്രായത്തെ മാത്രമേ ഞങ്ങള്‍ മാനിക്കൂ. ബോര്‍ഡ് വക്താവ് സഫ്രിയാബ് ജിലാനി പറയുന്നു.

അയോധ്യാക്കേസില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വാദം തുടങ്ങിയിരുന്നു. കേസിനെ വസ്തുതര്‍ക്കമായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മുസ്ലീം വ്യക്തി നിയമബോര്‍ഡിന് ഇക്കാര്യത്തില്‍ ഒരധികാരവുമില്ല എന്നിരിക്കെയാണ് പുതിയ പ്രമേയവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.