പ്രസിഡന്റ് വരും, സ്വന്തം സ്‌കൂട്ടറില്‍

Sunday 11 February 2018 2:00 am IST

 

 

പേയാട്: പഞ്ചായത്ത് പ്രസിഡന്റുമാര്‍ പുത്തന്‍ ബൊലോറയില്‍ പായുമ്പോള്‍ ഇവിടെയൊരു പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്ര സ്വന്തം സ്‌കൂട്ടറില്‍. വിളവൂര്‍ക്കല്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറിനാണ് ഈ ദുര്‍ഗതി. 

  പഞ്ചായത്ത് വക വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല പ്രസിഡന്റിന്റെ ഈ സ്‌കൂട്ടര്‍ യാത്ര. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ 2007 മോഡല്‍ ജീപ്പ് കട്ടപ്പുറത്തായിട്ട് കാലങ്ങളായതിനാലാണ്. സൂത്രപ്പണികള്‍ ചെയ്ത് ഇടയ്‌ക്കെപ്പോഴെങ്കിലും ജീപ്പ് പുറത്തിറക്കിയാല്‍ മറ്റുള്ളവരുടെ വഴിമുടക്കും. പിന്നെ നിരത്തില്‍ നിന്ന് നാട്ടുകാര്‍ തള്ളിയോ കെട്ടിവലിച്ചോ പഞ്ചായത്ത് ഓഫീസിലെത്തിക്കണം. ജാംബവാന്റെ കാലത്തെ ജീപ്പിന്റെ തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കണമെങ്കില്‍ ജീപ്പ് വിറ്റാല്‍ കിട്ടുന്നതിന്റെ ഇരട്ടി തുക ചെലവഴിക്കേണ്ടി വരുമെന്നാണ് വര്‍ക്ക്‌ഷോപ്പുകാര്‍ പറയുന്നത്. പുതിയതൊരെണ്ണം വാങ്ങാന്‍ പ്രോജക്ട് റിപ്പോര്‍ട്ടുമായി പ്രസിഡന്റും കൂട്ടരും മുട്ടാത്ത വാതിലുകളില്ല. വാഹനത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കല്‍, അറ്റകുറ്റപ്പണിയുടെ ചെലവു കണക്കാക്കല്‍ എന്നിങ്ങനെ നടപടിക്രമങ്ങള്‍ നിരവധിയാണ്. 

  കാട്ടാക്കട താലൂക്കില്‍ ആദ്യമായി ഔദ്യോഗിക വാഹനം സ്വന്തമാക്കിയ പഞ്ചായത്തെന്ന ഖ്യാതി വിളവൂര്‍ക്കലിനാണ്; ഇപ്പോള്‍ സ്വന്തം വണ്ടി കട്ടപ്പുറത്തായ പഞ്ചായത്തെന്ന ചീത്തപ്പേരും. തൊട്ടടുത്ത പഞ്ചായത്തായ മലയിന്‍കീഴില്‍ പഴയവണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും ഇല്ലാതിരുന്നിട്ടും പുത്തന്‍ ബൊലേറോ ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. ഇവിടെ വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും യാത്ര സ്വന്തം ചകടത്തിലും.

വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ സ്വന്തം സ്‌കൂട്ടറില്‍ ഔദ്യോഗിക പരിപാടിക്ക് പുറപ്പെടുന്നു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.