ശാര്‍ക്കര പൊങ്കാല 13ന്

Sunday 11 February 2018 2:00 am IST

 

ചിറയിന്‍കീഴ്: ഫെബ്രുവരി 13ന് നടക്കുന്ന ശാര്‍ക്കര പൊങ്കാലയ്ക്കുളള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി ചിറയിന്‍കീഴ് പഞ്ചായത്ത് ഹാളില്‍  ചേര്‍ന്ന വിവിധ  വകുപ്പുമേധാവികളുടെ യോഗം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന അധ്യക്ഷയായി.

പൊങ്കാല ദിവസം പണ്ടകശാല- ശാര്‍ക്കര റോഡിലും മഞ്ചാടിമൂട്-വലിയകട റോഡിലും രാവിലെ 6.30ന് ശേഷം ഗതാഗതം നിയന്ത്രിക്കും. ശുദ്ധജലം എത്തിക്കുന്നതിന് ക്ഷേത്രപ്പറമ്പില്‍ 100 വാട്ടര്‍ടാപ്പുകള്‍ സ്ഥാപിക്കും. പിഎച്ച്‌സിയുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തും. ക്രമസമാധാനപാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനും ശക്തമായ പോലീസ് സംവിധാനം ഒരുക്കുന്നതിന് പുറമെ മോഷണം തടയാനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ താത്കാലിക മെഡിക്കല്‍ ക്യാമ്പും ആംബുലന്‍സ് സൗകര്യവും ഉണ്ടാകും.

ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ അന്‍പതിനായിരത്തോളം പൊങ്കാല അടുപ്പുകള്‍ കൂട്ടുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചു. ഗ്രീന്‍പ്രോട്ടോകാള്‍ പാലിക്കാനായി ഭക്തര്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കണം. ഭക്തജനങ്ങള്‍ക്ക് യാത്രാസൗകര്യവും ഉണ്ടായിരിക്കും. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനവും ദാഹജലവും നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ ദേവസ്വം ബോര്‍ഡില്‍ അപേക്ഷ നല്‍കി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്  മുന്‍കൂട്ടി അനുവാദം വാങ്ങണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.