കുട്ടനാട് കുടിവെള്ള പദ്ധതി; കിഫ്ബി കനിയുമോ...?

Sunday 11 February 2018 1:51 am IST

 

കുട്ടനാട്: കുട്ടനാട്ടില്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായി. ജലനിരപ്പു താഴ്ന്നു തുടങ്ങിയതോടെ ഒഴുക്കു കുറഞ്ഞ് തോടുകള്‍ മലിനമായി. കുടിവെള്ളത്തിനായി ജനം വലയുന്നു.

  കുട്ടനാട് കുടിവെള്ള പദ്ധതി  പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍  കിഫ്ബിയെയാണ് ആശ്രയിക്കുന്നത്. 226 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് അടുത്ത കിഫ്ബി യോഗത്തില്‍ അംഗീകാരം നേടാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ കുട്ടനാടിന്റെ ദീര്‍ഘകാലമായുള്ള കുടിവെള്ളപ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. 

  കഴിഞ്ഞ ബജറ്റില്‍ 195 കോടി രൂപയാണു കുട്ടനാട് കുടിവെള്ള പദ്ധതിക്കായി വകയിരുത്തിയത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് അടുത്ത കിഫ്ബി യോഗത്തില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങനാനാണു ശ്രമം. 

  പമ്പയാറ്റില്‍നിന്നുള്ള വെള്ളം നീരേറ്റുപുറത്തെ ശുദ്ധീകരണശാലയിലെത്തിച്ചു ശുദ്ധീകരിച്ചു കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും എത്തിക്കുന്നതാണു പദ്ധതി. നീരേറ്റുപുറത്തെ നിലവിലെ പ്ലാന്റിന് പ്രതിദിനം 15 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുണ്ട്. ഇത് 40 ദശലക്ഷം ലിറ്ററായി ഉയര്‍ത്തും.പഞ്ചായത്തുകളില്‍ ഓവര്‍ ഹെഡ് ടാങ്കുകള്‍ നിര്‍മ്മിക്കുക, ഇതിലേയ്ക്കുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യേണ്ടതുണ്ട്. 

  കുട്ടനാട് കുടിവെള്ളപദ്ധതി പൂര്‍ത്തിയായാല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറന്നിടാനും തീരുമാനമായിട്ടുണ്ട്. വേമ്പനാട് കായലിന്റെയും, കുട്ടനാടിന്റെയും പരിസ്ഥിതി സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

  ബണ്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറന്നിട്ടാല്‍ കുടിവെള്ള സ്രോതസുകളിലും മറ്റ് ജലാശയങ്ങളിലും ഉപ്പു വെള്ളം കയറും. കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തിയായാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.