അതിര്‍ത്തി കടന്ന് സ്വര്‍ണക്കടത്ത് വ്യാപകം; പിടിക്കപ്പെടുന്നവര്‍ക്ക് വിഐപി പരിഗണന

Sunday 11 February 2018 2:00 am IST

 

നെയ്യാറ്റിന്‍കര: അതിര്‍ത്തി കടന്ന് സ്വര്‍ണക്കടത്ത് വ്യാപകം. പിടിക്കപ്പെടുന്നവര്‍ക്ക് വിഐപി പരിഗണന. തമിഴ്‌നാട്ടില്‍ നിന്ന് റോഡ് വഴിയും തീവണ്ടിമാര്‍ഗവുമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം കടത്തുന്നത്. കഴിഞ്ഞദിവസം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണവും നൂറിലധികം വെള്ളി മോതിരങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. സ്വര്‍ണം കടത്തിയ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പികൂടിയെങ്കിലും ജിഎസ്ടി വിഭാഗമെത്തി രേഖകളുടെ അടിസ്ഥാനത്തില്‍ നികുതി വാങ്ങി ഇവരെ വിട്ടയച്ചു.

കേരളത്തിന്റെ തെക്കേ അതിര്‍ത്തിയിലെ ആദ്യ ചെക്കുപോസ്റ്റ് ദേശീയപാതയിലെ അമരവിളയിലെതാണ്. ഇതിലൂടെ തമിഴ്‌നാട്ടില്‍ നിന്നുവരുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിച്ചുവേണം കടത്തിവിടാന്‍. എന്നാല്‍ നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്തുക്കാര്‍ക്ക് ചെക്ക്‌പോസ്റ്റുകളില്‍ വിഐപി പരിഗണനയെന്ന ആക്ഷേപം ശക്തമാണ്. എക്‌സൈസ് സംഘമാണ് അമരവിളയില്‍ വാഹനപരിശോധന നടത്തുന്നത്. യാത്രക്കാരുടെ ബാഗുകള്‍വരെ പരിശോധിക്കുന്നത് പതിവാണ്. കഴിഞ്ഞമാസം പത്ത് കിലോയില്‍ അധികം സ്വര്‍ണമാണ് തമിഴ്‌നാട്-കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും സ്വകാര്യബസ്സുകളിലായി കടത്തവെ പിടികൂടിയത്. പലപ്പോഴും ഗതാഗതം താറുമാറാക്കിയാണ് പരിശോധന.

എന്നാല്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തി പിടിക്കുന്ന സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് എക്‌സൈസ് ഓഫീസില്‍ വിഐപി പരിഗണന ലഭിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ചെക്ക് പോസ്റ്റിലെ ഓഫീസറുടെ മുറിയില്‍ കര്‍ട്ടനിട്ട് മറച്ച താത്കാലിക സംവിധാനത്തിലാണ് പ്രതികളെ ഇരുത്തുന്നത്. മണികൂറുകള്‍ കഴിഞ്ഞാലും സ്വര്‍ണം പിടികൂടിയ വിവരം പുറത്തുവിടില്ല. പലപ്പോഴും രഹസ്യമായി അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതോടെയാണ് സ്വര്‍ണം പിടികൂടിയ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് എക്‌സൈസ് സംഘം ജിഎസ്ടി വിഭാഗത്തിനു വിവരം നല്‍കുകയും ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിക്കുകയുമാണ് പതിവ്. രേഖകളുടെ അടിസ്ഥാനത്തില്‍ നികുതി അടപ്പിച്ച് കടത്തുകാരെ വിട്ടയയ്ക്കും. ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള നികുതിത്തുക ജിഎസ്ടി ഉദ്യോസ്ഥരുടെ കൈയില്‍ നല്‍കിയാല്‍ മതിയാകും.

തുക അടച്ചാല്‍ മറ്റൊരുനിബന്ധനകളുമില്ലാതെ കടത്തുകാര്‍ക്ക് സ്വര്‍ണവുമായി യാത്ര തുടരാം. എന്നാല്‍ പ്രതികളെ വിസ്തരിച്ച് ചോദ്യംചെയ്താല്‍ സ്വര്‍ണക്കടത്ത് തടയാനാകുമെന്നാണ് കരുതുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.