കഥകളി പ്രിയന്റെ നടയ്ക്ക് മിഴിവേകി ചുവര്‍ ചിത്രങ്ങള്‍

Sunday 11 February 2018 2:56 am IST

ആലപ്പുഴ: കഥകളി പ്രിയനായ  പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം മഹാദേവന്റെ തിരുനടക്ക് ഇനി  ചുവര്‍ ചിത്രങ്ങള്‍ മിഴിവേകും. 20 വര്‍ഷമായി  ചുവര്‍ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സജി അരൂരിന്റെ നേതൃത്വത്തില്‍ ഒരുമാസമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചത്. 

സജിക്കൊപ്പം മകളും ശിഷ്യയുമായ ഗായത്രി സജി, അപ്പോളോ ടയേഴ്സിലെ ഉദ്യോഗസ്ഥനായ സേതുപിള്ള അരൂര്‍ എന്നിവരും ചിത്രപൂര്‍ത്തീകരണത്തില്‍ പങ്കാളികളായി. നാലമ്പലത്തിനുള്ളില്‍ ധ്യാനശ്ലോക പ്രകാരമാണ് നാല് ചിത്രങ്ങള്‍ വരച്ചത്.  വിഘ്നേശ്വരനായ ഗണപതിയില്‍ തുടങ്ങി കിരാതമൂര്‍ത്തീ സങ്കല്പത്തിലുള്ള മഹാദേവനില്‍ അവസാനിക്കുന്ന ചിത്രങ്ങളാണിവ.

നാലമ്പലത്തിന്റെ കന്നിമൂലയില്‍  വിഘ്നങ്ങള്‍ അകറ്റി സര്‍വ്വൈശ്വര്യവും പ്രദാനം ചെയ്യുന്ന മഹാഗണപതിയാണ് ആദ്യചിത്രം.അടുത്ത ചിത്രം പ്രദോഷ നൃത്തമാണ്. പ്രദോഷ ദിനത്തില്‍  മഹാദേവന്‍ പാര്‍വ്വതീദേവിയെ പീഠത്തിലിരുത്തി നൃത്തമാടുന്ന സങ്കല്പമാണിത്. 

നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ കിരാതമൂര്‍ത്തീഭാവത്തിലെ പ്രതിഷ്ഠയെ അനുസ്മരിപ്പിക്കുന്നതാണ് മൂന്നാമത്തെ ചിത്രം. കാട്ടാള വേഷധാരിയായ മഹാദേവനേയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

പാര്‍വ്വതീദേവിയെ ഇടത്തേതുടയിലിരുത്തിയിട്ടുള്ള ഭഗവാന്റെ ലാസ്യരൂപത്തിലുള്ള ശക്തി പഞ്ചാക്ഷരി എന്ന ചിത്രമാണ് അവസാനത്തേത്. 

കണ്ണൂര്‍ കെ.കെ.വാര്യരുടെ ശിഷ്യനായ സജി അദ്ദേഹത്തിനൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ പുനഃസൃഷ്ടിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്. കൂടാതെ തിരുമാന്ധാംകുന്ന് ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലും ഇദ്ദേഹം ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചുവര്‍ ചിത്രങ്ങളുടെ  മിഴിതെളിയിക്കല്‍ ചടങ്ങ് തന്ത്രി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.