ഭഗവാന്‍ ഭക്തന്റെ ജീവിതക്രമം വിവരിക്കുന്നു

Sunday 11 February 2018 3:08 am IST

എന്റെ ഉത്തമഭക്തന്‍, തന്റെ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ദേഹവും കൊണ്ട് ചെയ്യുന്ന സകലവിധ കര്‍മ്മങ്ങളും ഭൗതികതയില്‍നിന്ന് ഉയര്‍ന്ന്, മാലിന്യലേശമില്ലാത്ത ആത്മീയതയില്‍ ചെയ്യുന്നു. ആ രീതിയാണ് ഇനിയുള്ള 8 ശ്ലോകങ്ങള്‍കൊണ്ട് വിവരിക്കുന്നത്. ഒപ്പംതന്നെ, ആ ഭക്തന്‍, അങ്ങനെ ചെയ്യുന്നതുകൊണ്ട്, എനിക്ക് പ്രിയപ്പെട്ടവനാണ് എന്നും പറയുന്നു-

(2) സര്‍വ്വഭൂതാനാം അദ്വേഷ്ടാ-

ഒരു പ്രാണികളോടുപോലും വിദ്വേഷം കാണിക്കുകയില്ല. ''ഈശ്വരന്റെ പ്രേരണകൊണ്ടായിരിക്കും ആ ആള്‍ എന്നോട് ദേ്വഷിക്കുന്നത്. ഞാന്‍ അവര്‍ക്ക് കഴിഞ്ഞ ജന്മത്തില്‍ വല്ല അപരാധവും ചെയ്തിരിക്കാം. തീര്‍ച്ചയായും ഈ ദ്രോഹം ചെയ്തതില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല''- ഇങ്ങനെ ചിന്തിച്ച് ഉറപ്പിച്ച് ആ ശത്രുവിന് ഒരു ഉപദ്രവവും എന്റെ ഭക്തന്‍ ചെയ്യുകയില്ല. എന്ന് മാത്രമല്ല,-

(2) മൈത്രഃ- അവര്‍ക്ക് ഹിതം നേരുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാവരോടും സുഹൃദ്ഭാവത്തോടെ പെരുമാറും.

(3) കരുണഃ ഏവ ച- ഭൗതികജീവിതത്തിലും ആത്മീയജീവിതത്തിലും ദുഃഖം അനുഭവിക്കുന്നവരില്‍ കാരുണ്യം കാണിക്കും. (ഏവ, ച സുഖം അനുഭവിക്കുന്നവരോട് അനുകമ്പ തോന്നേണ്ട കാര്യമില്ലല്ലോ.

(4) നിര്‍മ്മമഃ- ദേഹം ഇന്ദ്രിയങ്ങള്‍, അനുബന്ധികള്‍- ഇവയോടു എന്റേത് എന്ന ഭാവം പുലര്‍ത്തുകയില്ല. ശരീരത്തിന് സംഭവിക്കാവുന്ന വേദനകള്‍ക്കും മനോവേദനകള്‍ക്കും പ്രാധാന്യം കൊടുക്കുകയില്ല.

(5) നിരഹങ്കാരഃ- ദേഹം ഞാന്‍ തന്നെ എന്ന ഭാവം ഉണ്ടാവുകയില്ല. ഞാന്‍ പണ്ഡിതനാണ്, ധനവാനാണ് എന്ന ഭാവവും തീരേ ഉണ്ടാവുകയില്ല.

(6) സമദുഃഖസൂത്രം: ഭക്തന് ദുഃഖവും സുഖവും ഒരുപോലെയാണ്. ഭൗതിക വിഷയാനുഭവം കൊണ്ട്കിട്ടുന്ന സുഖം പെട്ടെന്ന് ദുഃഖമായി മാറും കാലം. അവസ്ഥ- ഇവയെനുസരിച്ച് സുഖം ദുഃഖമായും, ദുഃഖം സുഖമായും നമുക്ക് തോന്നുകയാണ്. വേനല്‍കാലത്ത് തണുത്ത കാറ്റു കൊള്ളുന്നതു സുഖമാണ്; തണുപ്പുകാലത്ത് ആ കാറ്റ് ദുഃഖം തരുന്നു. കുട്ടികള്‍ ഓടിച്ചാടി കളിക്കുന്നത് അവര്‍ക്ക് സുഖമാണ്. ആ കുട്ടികള്‍ക്ക്, വൃദ്ധാവസ്ഥയില്‍ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതുപോലും ദുഃഖമാണ്. അതുകൊണ്ട് ഭക്തന് ദുഃഖവും സുഖവും ഒരുപോലെയാണ്.

(7) ക്ഷമീ- ആരെങ്കിലും തല്ലിയാലോ, ശകാരിച്ചാലോ, തിരച്ച് അങ്ങോട്ട് ഒരു ക്രിയയും ചെയ്യാതെ സഹിക്കുന്നു.

14

(8) സതനം സന്തുഷ്ടഃ- എന്റെ ഭക്തന്‍ യദൃച്ഛയാ- ആരോടും ആവശ്യപ്പെടാതെ- കിട്ടുന്ന ആഹാരം, വസ്ത്രം മുതലായവകൊണ്ട് സന്തോഷത്തോടെതന്നെ ഭൗതികജീവിതം നയിക്കുന്നു. എല്ലാം ഭഗവത്കാരുണ്യംതന്നെ എന്നുറച്ച് വിശ്വസിക്കുന്നു; സംതൃപ്തനായിത്തന്നെ ഇരിക്കുന്നു.

(9) സതതം യോഗീ- എപ്പോഴു ആത്മീയഗുരുവില്‍നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എല്ലാ കര്‍മ്മങ്ങളും എന്നോടു ബന്ധപ്പെടുത്തി ചെയ്യുന്നു. ശ്രവണകീര്‍ത്തന സ്മരണാദി സേവനങ്ങളും ചെയ്യുന്നു.

(10) യതാത്മാ (സനതാ)- എപ്പോഴും എന്റെ രൂപത്തെ ധ്യാനിച്ചും കഥാ-നാമങ്ങളും ജപിച്ചും മറ്റു ഭക്തന്മാരോടുകൂടിച്ചേര്‍ന്നും, പരസ്പരാനുകഥനം ചെയ്തും ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിക്കുന്നു.

(11) സതതം ദൃഢനിശ്ചയഃ- സ്വന്തം ഗുരുനാഥന്റെ ഉപശാസ്ത്രങ്ങളിലും ഉറച്ച നിശ്ചയമാണ് ഭക്തനുണ്ടാവുക. കുതര്‍ക്കവാദികളുടെ മിഥ്യാവാദങ്ങള്‍ക്ക് ഒരിക്കലും കീഴ്‌പ്പെടുകയില്ല.

(12) സതതം മയ്യൂര്‍പ്പിത മനോബുദ്ധിഃ-

മേല്‍പറഞ്ഞ വിശിഷ്ടഗുണങ്ങള്‍ എന്റെ ഭക്തന്റെ മനസ്സിനെയും ബുദ്ധിയെയും എന്നില്‍ സ്ഥിരീകരിക്കാന്‍ സഹായിക്കുന്നു. അതിനാല്‍, ഫലം ആഗ്രഹിക്കാതെ, എല്ലാ വൈദിക-ലൗകിക കര്‍മ്മങ്ങളും എന്റെ ആരാധനയായി അനുഷ്ഠിക്കുന്നു; ഇങ്ങനെ ആരാധിക്കപ്പെട്ട ഞാന്‍ എല്ലാ യോഗക്ഷേമങ്ങളും സാധിപ്പിക്കും എന്ന് ഭക്തന്‍ ഉറച്ചു വിശ്വസിക്കുന്നു.

സമദ് ഭക്തഃ മേ പ്രിയഃ- ഇങ്ങനെ എല്ലാത്തരം കര്‍മ്മങ്ങളും എന്നോട് ബന്ധിപ്പിച്ച്-യോജിപ്പിച്ച് ചെയ്യുന്നതാണ് യഥാര്‍ത്ഥ കര്‍മ്മയോഗം അഥവാ ഭക്തിയോഗം. ഈ ഭക്തിയുടെ നിലവാരത്തില്‍ എത്തിയ ഭക്തന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്.

(ഫോണ്‍: 9961157857)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.