ജോലിക്കെത്തുന്നില്ല; പതിമൂവായിരത്തിലേറെ ജീവനക്കാരെ റെയില്‍വേ പുറത്താക്കും

Sunday 11 February 2018 3:22 am IST

ന്യൂദല്‍ഹി: റെയില്‍വേ സേവനം കാര്യക്ഷമമാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പതിമൂവായിരത്തിലേറെ ജീവനക്കാര്‍ അനധികൃതമായി ദീര്‍ഘകാല അവധിയെടുത്ത് മുങ്ങിയതായി പരിശോധനയില്‍ കണ്ടെത്തി. അച്ചടക്ക നടപടിയനുസരിച്ച് ഇവരെ പിരിച്ചുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റെയില്‍മന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ആകെ മൂന്ന് ലക്ഷം ജീവനക്കാരാണ് റെയില്‍വേയിലുള്ളത്. 

 ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് യഥാര്‍ത്ഥ ജോലികളിലേക്ക് മടങ്ങാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജീവനക്കാരെ വീട്ടുജോലിക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

30,000 ജീവനക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്, റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്റെയും ബോര്‍ഡ് അംഗങ്ങളുടെയും സോണല്‍ സന്ദര്‍ശന വേളയില്‍ ജനറല്‍ മാനേജര്‍മാര്‍ ഹാജരാകണമെന്ന പ്രോട്ടോക്കോള്‍ മന്ത്രാലയം റദ്ദാക്കിയിരുന്നു. 36 വര്‍ഷത്തെ കീഴ്‌വഴക്കമാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.