ചക്കയിടാന്‍ കയറിയയാള്‍ മണിക്കൂറോളം പ്ലാവില്‍ കുടുങ്ങി

Sunday 11 February 2018 2:00 am IST
ചക്കയിടാന്‍ കയറിയ തൊഴിലാളി മൂന്ന് മണിക്കൂര്‍ പ്ലാവില്‍ കുടുങ്ങി. അഗ്നിശമന രക്ഷാസേന എത്തിയാണ് തൊഴിലാളിയെ താഴെയിറക്കി യത്. മുട്ടുചിറ തുരുത്തേല്‍ പോള്‍(50) ആണ് പ്ലാവില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടുചിറ കുരിശുപള്ളി കവലയിലാണ് സംഭവം.

 

കടുത്തുരുത്തി: ചക്കയിടാന്‍  കയറിയ തൊഴിലാളി മൂന്ന് മണിക്കൂര്‍ പ്ലാവില്‍ കുടുങ്ങി. അഗ്നിശമന രക്ഷാസേന എത്തിയാണ് തൊഴിലാളിയെ താഴെയിറക്കി യത്. മുട്ടുചിറ തുരുത്തേല്‍ പോള്‍(50) ആണ് പ്ലാവില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടുചിറ കുരിശുപള്ളി കവലയിലാണ് സംഭവം. കല്ലേക്കടമ്പില്‍ വക്കച്ചന്റെ പുരയിടത്തില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്നു ചക്കയിടാനുളള ശ്രമത്തിനിടെയാണ് അയല്‍വാസിയായ പോള്‍ മരത്തില്‍ കുടുങ്ങിയത്.  

25 അടിയോളം ഉയരമുള്ള പ്ലാവിന്റെ ഏറ്റവും മുകളിലെത്തിയപ്പോള്‍ പോളിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് പ്ലാവിന്റെ ശിഖരത്തില്‍ ഇരിക്കുകയും താഴെ വീഴാതിരിക്കുന്നതിന് വേണ്ടി കൈവശമുണ്ടായിരുന്ന കയറിട്ട് സ്വയം കെട്ടുകയും ചെയ്തു. ഇതിനിടയില്‍ കൈവിട്ട് ഒരു പ്രാവശ്യം താഴെ വീഴാന്‍ തുടങ്ങിയെങ്കിലും ശരീരവുമായി ചേര്‍ത്ത് പ്ലാവിന്റെ ചില്ലയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. 

പ്ലാവില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ നാട്ടുകാരെ വിവരമറിയിച്ചു. സംഭവം  അറിഞ്ഞ് അയല്‍വക്കത്തെ വീടുപണിക്കെത്തിയ കൊല്‍ക്കൊത്ത സ്വദേശി രസിത് അലിയും മുട്ടുചിറ സ്വദേശിയായ ജിനേഷും പ്ലാവിന് മുകളില്‍ കയറി പോള്‍ താഴെ വീഴാതെ പിടിക്കുകയായിരുന്നു. ഇവരും നാട്ടുകാരും ചേര്‍ന്ന് പോളിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കടുത്തുരുത്തിയിലെ അഗ്നിശമനസേനയെ വിവരമറിയിച്ചു. ഈ സമയം ശാന്തിപുരത്ത്കുളത്തില്‍ വീണയാളെ രക്ഷിക്കുന്നതിനായി പോയിരിക്കുകയായിരുന്നു അവര്‍.  

പിന്നീട് വൈക്കത്തു നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി.  ഉദ്യോഗസ്ഥര്‍ പ്ലാവിന് മുകളില്‍ കയറി വടം കെട്ടി പോളിനെ താഴെയിറക്കുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.