കുറിച്ചിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം ജലനിധി പദ്ധതികള്‍ കൂടുതല്‍ വേണം

Sunday 11 February 2018 2:00 am IST
വേനല്‍ കനത്തതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. എം.സി. റോഡ് നവീകരണവും റെയില്‍ മേല്‍പ്പാലങ്ങളുടെ നവീകരണവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിനാല്‍ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

 

ചങ്ങനാശേരി: വേനല്‍ കനത്തതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. എം.സി. റോഡ് നവീകരണവും റെയില്‍ മേല്‍പ്പാലങ്ങളുടെ നവീകരണവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിനാല്‍ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

കുറിച്ചി കാലായിപ്പടി, ഔട്ട് പോസ്റ്റ്, മന്ദിരം ഭാഗങ്ങളില്‍ ഇതുമൂലം ജലവിതരണം തടസ്സപെട്ടിരി ക്കുകയാണ്. കിണറുകളിലെ വെള്ളം വറ്റാന്‍ തുടങ്ങിയതോടെ ഉയര്‍ന്ന  പ്രദേശങ്ങളിലുള്ളവര്‍ കുടിവെള്ള വില്‍പ്പനക്കാരെയാണ് ആശ്രയിക്കുന്നത്. വലിയ വില നല്‍കി വെള്ളം വാങ്ങേണ്ട  അവസ്ഥയാണ് ജനങ്ങള്‍ക്കുള്ളത്. വിലയ്ക്ക് വാങ്ങുന്ന വെള്ളത്തിന്റെ  ഗുണനിലവാരത്തെക്കുറിച്ചും സംശയമുണ്ട്. മലിനമായ ജലത്തിന്റെ ഉപയോഗത്തെ തുടര്‍ന്ന് പഞ്ചായത്തില്‍ പകര്‍ച്ചപ്പനികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു.

കുറിച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഉതകുന്ന  ജലനിധി പദ്ധതി  പഞ്ചായത്ത് മുഴുവന്‍ വ്യാപിപ്പിക്കാന്‍ സാധിച്ചിട്ടില്ല. പ്രവര്‍ത്തനം ആരംഭിച്ച പദ്ധതികള്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. പഞ്ചായത്തില്‍ ഉണ്ടായിരുന്ന നിരവധി ജലനിധി ഉപഭോക്തൃ സമിതികള്‍ നേരത്തെ പിന്മാറിയിരുന്നു. ഇവരെകൂടി ഉള്‍പ്പെടുത്തി മൂന്നാംഘട്ട ജലനിധി പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്. 

പഞ്ചായത്തിന്റെ തെക്ക് ഭാഗമായ ഇത്തിത്താനം ഇളങ്കാവ് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇവിടെ നിലവില്‍ രണ്ടു  ജലനിധി പദ്ധതി മാത്രമാണ് തുടങ്ങാന്‍ സാധിച്ചത്. പ്രദേശത്തെ പ്രധാന കുടിവെള്ള വിതരണം നടത്തുന്നത് ശുദ്ധജല വിതരണ സമിതിയാണ്. അഞ്ചു ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവിടങ്ങളില്‍ കുടിവെള്ളം ഇത്തരത്തില്‍ എത്തുന്നത്. പദ്ധതിയുടെ കല്ലുകടവിലെ ജലസ്രോതസ്സിലെ  ജലക്ഷാമം വിതരണത്തിനു തടസ്സമാകുകയാണ്.  

വേനല്‍ കൂടുതല്‍ കനക്കുന്നതോടെ കുടിവെള്ളം വില്‍ക്കുന്നവരെ ആശ്രയിക്കേണ്ടി വരും. പഞ്ചായത്ത് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.