പുതു സംവിധാനമില്ലായ്മ സംഗീതജ്ഞര്‍ നേരിടുന്ന വെല്ലുവിളി: സച്ചിന്‍ മന്നത്ത്

Sunday 11 February 2018 3:43 am IST

തിരുവനന്തപുരം: സംഗീത മേഖലയിലെ പുതുസംവിധാനമില്ലായ്മയാണ് സംഗീതജ്ഞര്‍ നേരിടുന്ന വെല്ലുവിളിയെന്ന്  ഓസ്‌കാര്‍ നാമനിര്‍ദ്ദേശ വിശാല പട്ടികയില്‍ ഇടം നേടിയ സച്ചിന്‍ മന്നത്ത്. 

സംഗീത നിര്‍മാണത്തെ പുതുക്കിപ്പണിയുന്ന ഒരു ശ്രമവും വര്‍ഷങ്ങളായി ഉണ്ടാകുന്നില്ല. ഗുരുവായ എ.ആര്‍ റഹ്മാന്‍ കൊണ്ടുവന്ന ഡിജിറ്റല്‍ സംഗീത സംവിധാനം തന്നെയാണ് ഇപ്പോഴും എല്ലാവരും ഉപയോഗിക്കുന്നത്. കാലഘട്ടത്തിനനുസരിച്ച് ആ രീതിക്ക് മാറ്റം വരുത്തുകയാണ് ഇനിയുള്ള സംഗീതജ്ഞരുടെ വെല്ലുവിളിയായി  കരുതുന്നതെന്നും സച്ചിന്‍ പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. 

സംഗീതത്തില്‍ നവശൈലി തേടുന്നവര്‍ക്ക് കേരളത്തില്‍ അംഗീകാരം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് അനുഭവം. ഭാഗ്യമുള്ളവര്‍ക്കാണ് ഇവിടെ അവസരങ്ങള്‍. ഭാഗ്യത്തോടൊപ്പം ചിലരുടെ പുറകേ നടക്കുകയും വേണം. എന്നാല്‍ കേരളത്തിന് പുറത്തങ്ങനെയല്ല. പ്രശസ്തര്‍ക്കും നവാഗതരായ സംഗീതാന്വേഷകര്‍ക്കും വ്യത്യസ്ത വേദികളുണ്ട്. അതുകൊണ്ടാണ് ജന്മദേശത്തേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ തനിക്ക് പുറത്തു ലഭിക്കുന്നത്. 

പുതിയ തലമുറയും ആസ്വദിക്കത്തക്കതരത്തില്‍ ഗസലിന് മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നു. അതിലൂടെ മാത്രമേ ആഗോളതലത്തിലേക്ക് എത്താനാകൂ. സിനിമയില്‍ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരാള്‍ ചെയ്യുന്നത് കൂടുതല്‍ നന്നായിരിക്കും. മലയാള സിനിമാ സംഗീതം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നു. സംഗീതസംവിധായകരുടെ എണ്ണം വര്‍ധിച്ചതാണ് ഒരു പ്രധാന കാരണം.

മലയാളത്തില്‍ ഉണര്‍വും, സ്വയവുമാണ് താന്‍ സംഗീതം ചെയ്ത സിനിമകള്‍. വിഘ്നേഷ് വ്യാസയുടെ കംസയാണ് പുതിയ പ്രോജക്ട്. പ്രഭാവര്‍മ്മയുടെ ശ്യാമമാധവം നാടകമായി ആവിഷ്‌കരിക്കുകയാണ് പ്രശാന്തനാരായണന്‍. താന്‍ തത്സമയ സംഗീതമൊരുക്കുന്ന ശ്യാമമാധവവും നിറയെ പ്രതീക്ഷയുള്ള പ്രോജക്ടാണെന്നും സച്ചിന്‍ പറഞ്ഞു. 

സ്വീഡിഷ് ഇറ്റാലിയന്‍ സംഗീതരൂപങ്ങള്‍ സമന്വയപ്പെടുത്തുന്ന സംഗീതശൈലി പരിചയപ്പെടുത്തുന്ന ദ്വദിന സംഗീത ശില്‍പ്പശാല നടത്താനാണ് സച്ചിന്‍ എത്തിയത്. വ്യത്യസ്തമായ സംഗീതവഴികളിലൂടെ സഞ്ചരിക്കുന്ന ദ്വിദിന ശില്‍പ്പശാലയായ സംഗീതക്കളത്തിന് സച്ചിന്‍ നേതൃത്വം നല്‍കും.

 എ.ആര്‍. റഹ്മാന്റെ പ്രിയശിഷ്യനാണ് സച്ചിന്‍ മന്നത്ത്. ലേക്ക് ഒഫ് ഫയര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഗാനത്തിന് ഈ വര്‍ഷത്തെ ഓസ്‌കാര്‍ നാമനിര്‍ദ്ദേശ സാദ്ധ്യതാ വിശാല പട്ടികയില്‍ ഇടം നേടി. മന്നത്തു പത്മനാഭന്റെ ചെറുമകനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടറുമായിരുന്ന ഡോ. ബാലശങ്കര്‍ മന്നത്തിന്റെ മകനുമാണ് സച്ചിന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.