കോപ്പിയടി തടഞ്ഞു: പരീക്ഷ ഉപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നു

Sunday 11 February 2018 4:22 am IST

ലക്‌നൗ: ഉത്തര്‍ പ്രദേശ് ബോര്‍ഡ് പരീക്ഷകളില്‍ കോപ്പിയടി കര്‍ശനമായി തടഞ്ഞതോടെ പരീക്ഷ ഉപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാരണത്താല്‍ പരീക്ഷ  ഉപേക്ഷിച്ചത് 5 ലക്ഷം വിദ്യാര്‍ത്ഥികളായിരുന്നു.

ഫെബ്രുവരി 6നാണ്  10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. 66 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുവാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ നാല് ദിവസം കൊണ്ട് 15 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ വേണ്ടെന്ന് വെച്ചുകഴിഞ്ഞു. പരീക്ഷ അവസാനിക്കാന്‍  ഒരു  മാസം ബാക്കിയുണ്ടെന്നിരിക്കെ ഇനിയും വിദ്യാര്‍ത്ഥികള്‍ കുറയാനാണ് സാധ്യത. വെള്ളിയാഴ്ച നടന്ന ഇംഗ്ലീഷ്, കണക്ക് പരീക്ഷകളില്‍  നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പിന്മാറിയതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങ് യുപി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 1991, 1992 വര്‍ഷങ്ങളില്‍ കോപ്പിയടി വിരുദ്ധ ചട്ടം പ്രാബല്യത്തില്‍ കൊണ്ടു വന്നപ്പോള്‍ 1.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ നിന്ന് പിന്മാറിയിരുന്നു. അന്ന് പരീക്ഷ എഴുതിയിരുന്നത് വളരെ കുറച്ച് കുട്ടികള്‍ മാത്രമായിരുന്നു. കൂട്ട കോപ്പിയടി പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ മാഫിയകളെ തകര്‍ക്കാനുള്ള  യുപി സര്‍ക്കാരിന്റെ ചുവടുവെപ്പിനെ തുടര്‍ന്നാണ് പരീക്ഷയില്‍ നിന്ന് പിന്മാറുന്ന കുട്ടികളുടെ എണ്ണത്തില്‍ ഇത്രത്തോളം വര്‍ധന ഉണ്ടായിരിക്കുന്നതെന്ന് യുപിഎസ്ഇബി സെക്രട്ടറി നീന ശ്രീവാസ്തവ വ്യക്തമാക്കി. 

പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിച്ചതും പ്രത്യേക ദൗത്യസേനയെ വിന്യസിച്ചതും യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ പരീക്ഷാകേന്ദ്രങ്ങളില്‍ നേരിട്ടു പരിശോധന നടത്തിയതുമടക്കമുള്ള ചുവടുകളാണ് കൂട്ട കോപ്പിയടിക്കാര്‍ക്ക് വിനയായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മറ്റ് ബോര്‍ഡുകള്‍ നടത്തിയ പരീക്ഷകളില്‍ തോറ്റ് ഈ വര്‍ഷം പരീക്ഷയെഴുതാനായി മാത്രം യുപിയിലെ സ്‌കൂളുകളില്‍ പ്രവേശനം നേടിയവരാണ് പിന്മാറിയതില്‍ അധികവും. ഏതു വിധേനയും വിജയം നേടിത്തരാം എന്ന വിദ്യാഭ്യാസ കച്ചവടക്കാരുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവര്‍ പരീക്ഷയെഴുതാന്‍ എത്തിയിരുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരക്കാര്‍ക്ക് കോപ്പിയടിക്കാന്‍ ഉത്തരമെഴുതിയ കടലാസു തുണ്ടുകള്‍ നല്‍കുക, സമയത്തിനു മുന്‍പ് ചോദ്യപ്പേപ്പര്‍ കെട്ടുകള്‍ പൊട്ടിച്ച് ഉത്തരം പറഞ്ഞുകൊടുക്കുക എന്നിങ്ങനെ പല രീതികളും കോപ്പിയടി മാഫിയകള്‍ സ്വീകരിച്ചു പോന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തവണ കൂടുതല്‍ ജാഗ്രതയോടെ പരീക്ഷ നടത്താന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.