ശിഖര്‍ ധവാന് സെഞ്ചുറി

Sunday 11 February 2018 4:37 am IST

ജോഹന്നസ്ബര്‍ഗ്: നൂറാം ഏകദിനത്തില്‍ ബാറ്റുകൊണ്ട് അടിയുടെ പൂരം തീര്‍ത്ത് ശിഖര്‍ ധവാന്‍ കുറിച്ച സെഞ്ചുറിയില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ദക്ഷിണാഫ്രിക്കക്കെതിരായ  നാലാം ഏകദിനത്തില്‍ അവര്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 289 റണ്‍സ് നേടി. 

നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ധവാന്‍. 105 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 109 റണ്‍സെടുത്തു. ധവാന്റെ പതിമൂന്നാം സെഞ്ചുറിയാണിത്. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ധോണി 43 പന്തില്‍ 42 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ഓപ്പണര്‍ രോഹിത് ശര്‍മ വീണ്ടും പരാജയപ്പെട്ടു. അഞ്ചു റണ്‍സെടുത്ത ശര്‍മയെ റബഡ സ്വന്തം ബൗളിങ്ങില്‍ പിടിച്ചു പുറത്താക്കി. ആദ്യ വിക്കറ്റ് നിലംപൊത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രം. മികച്ച ഫോം നിലനിര്‍ത്തുന്ന നായകന്‍ വിരാട് കോഹ്‌ലി ക്രീസിലെത്തിയതോടെ പന്തുകള്‍ വേലിക്കെട്ട് തകര്‍ത്ത് പാഞ്ഞു.  ധവാനും കോഹ് ലിയും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അടിച്ചുപരത്തി.

രണ്ടാം വിക്കറ്റില്‍ ഇവര്‍ 158 റണ്‍സാണ് അടിച്ചെടുത്തത്. മൂന്നാം ഏകദിനത്തിലും ഇവര്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ശതകത്തിലേക്ക് കുതിച്ചു മുന്നേറിയ കോഹ് ലിയെ വീഴ്ത്തി മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 83 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും പൊക്കി 75 റണ്‍സുമായാണ് ഇന്ത്യന്‍ നായകന്‍ കളിക്കളം വിട്ടത്. കോഹ്‌ലിക്ക് പിന്നാലെ ധവാനും മടങ്ങി. രഹാനെ (8), എസ്.എസ് അയ്യര്‍ (18), പാണ്ഡ്യ (9), ഭൂവനേശ്വര്‍ കുമാര്‍ (5) എന്നിവര്‍ അനായാസം കീഴടങ്ങി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൂന്ന് ഏകദിനങ്ങളിലും വിജയിച്ച ഇന്ത്യ 3-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.