ശ്രീജിത്തിനെ ദേവസ്വം ബോര്‍ഡ് അഭിഭാഷകനാക്കിയത് തട്ടിപ്പുകള്‍ മറച്ചു വെച്ച്

Sunday 11 February 2018 4:52 am IST

കൊല്ലം: ചവറയിലെ ഇടത് എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെ ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്റ്റാന്‍ ഡിങ് കൗണ്‍സലായി നിയമിച്ചത് തട്ടിപ്പ് കേസുകള്‍ മറച്ചുവെച്ച്.  ശ്രീജിത്തിനെതിരെ യുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ചവറ പോ ലീസ് ഒതുക്കിയത്. 

പത്തു കോടി രൂപ തട്ടിയെടുത്തെന്ന്  ഇടപ്പോണ്‍ സ്വദേശി രാഹുല്‍ കൃഷ്ണ പരാതി നല്‍കിയ അതേ കാലയളവില്‍ പ്രവാസിയായ ബിജോയ്.കെ. ജോസഫും ശ്രീജിത്തിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് നല്‍കിയിരുന്നു. രണ്ട് ലക്ഷം ദിര്‍ഹം (36 ലക്ഷം) രൂപ വാങ്ങിയ ശേഷം ചെക്ക് നല്‍കി കബളിപ്പിച്ചെന്നായിരുന്നു പരാതി. 

ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞാണ് ശ്രീജിത്ത് വിജയന്‍ രണ്ടു വര്‍ഷം മുന്‍പ് ബിജോയ്‌യില്‍ നിന്ന്  രണ്ടു ലക്ഷം ദിര്‍ഹം വാങ്ങിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ ബിജോയ് പണം തിരികെ ആവശ്യപ്പെട്ടു. 

പണത്തിന് പകരം എമിറൈറ്റ്‌സ് എന്‍ബിഡി ഫെസ്റ്റിവല്‍ സെന്‍ട്രല്‍ ബ്രാഞ്ചിന്റെ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക്  ബിജോയ്ക്ക് ശ്രീജിത്ത് നല്‍കി. അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. തുടര്‍ന്ന് ബിജോയ് 2016 ഏപ്രില്‍ 25ന് ദുബായ് മുറഖ്ബത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

ഇതിന് മുന്‍പ് ശ്രീജിത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഈ പരാതി എന്‍ആര്‍ഐ സെല്‍ വഴി തിരുവനന്തപുരം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തുകയും അവിടെ നിന്ന് ചവറ സിഐക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ചവറ സിഐ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

രാഹുല്‍ കൃഷ്ണയും ബിജോയ്. കെ. ജോസഫും ചവറ പോലീസില്‍ നല്‍കിയ കേസിന്റെ വിവരങ്ങള്‍ മറച്ചു വച്ചാണ് ഒരു വര്‍ഷം മുന്‍പ് ശ്രീജിത്തിനെ ഹൈക്കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനായി നിയമിച്ചത്. 

ഹൈക്കോടതിയില്‍ സ്ഥിരമായി കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരെയാണ് ഇതിലേക്ക് പരിഗണിക്കേണ്ടത്. എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് ശ്രീജിത്തിനെ ഈ പദവിയിലേക്ക് നിയോഗിക്കുകയായിരുന്നു. മാനദണ്ഡങ്ങള്‍  എല്ലാം കാറ്റില്‍ പറത്തിയാണ് നിയമനം. മൂന്നു കേസുകളും ഒരു വാറന്റും നിലനില്‍ക്കെയാണ് മാസം അരലക്ഷത്തോളം അലവന്‍സുള്ള നിയമനം നടത്തിയത്. മാവേലിക്കര കോടതിയുടെ അറസ്റ്റ് വാറണ്ട് അച്ഛന്റെ സ്വാധീനം  ഉപയോഗിച്ചാണ് മറികടന്നത്.

കേസുകള്‍ ഒതുക്കി തീര്‍ത്തതിനു പിന്നിലും ദേവസ്വം ബോര്‍ഡ് നിയമനത്തിലും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ സ്വാധീനമാണെന്നാണ് പരാതിക്കാര്‍ അരോപിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുകള്‍ വിവാദമായതോടെ ശ്രീജിത്തിനെ സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ശ്രീജിത്തിന്റെ നിയമനത്തെ ചൊല്ലി ഇരുമുന്നണികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് ശ്രീജിത്തിനെ നിയമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരല്ല പ്രയാര്‍ ഗോപാലകൃഷ്ണനാണ് നിയമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വാദിക്കുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.