അതിർത്തിയിൽ പാക്ക് പ്രകോപനം വീണ്ടും; യുവതി കൊല്ലപ്പെട്ടു

Sunday 11 February 2018 10:26 am IST

ശ്രീനഗര്‍: ജമ്മുകശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ്റെ വെടിനിർത്തൽ കരാർ തുടരുന്നു. ഇന്നലെ രാത്രി പത്തരയോടെ നടന്ന പ്രകോപനത്തിൽ ജൗരി ജില്ല സ്വദേശിയായ പ്രവീണ അക്തര്‍ എന്ന യുവതി കൊല്ലപ്പെട്ടു. വീടിൻ്റെ അകത്ത് വെച്ചാണ് യുവതിക്ക് വെടിയേറ്റതെന്ന് ഇന്ത്യന്‍ സൈനിക വൃത്തം അറിയിച്ചു. 

ഇന്നലെ പൂഞ്ച് ജില്ലയിലെ ജനവാസ മേഖലയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയെങ്കിലും അര്‍ക്കും പരുക്കേറ്റിരുന്നില്ല. അതേ സമയം  ജമ്മുകശ്മീരിലെ സുന്‍ജുവാന്‍ കരസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. സൈനികരും സ്ത്രീകളും കുട്ടികളും  അടക്കം  ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒടുവിൽ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. 

പുലര്‍ച്ചെ അഞ്ചു മണിയോടെ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ അഫ്‌സല്‍ ഗുരു സ്‌ക്വാഡിലെ മൂന്നു ഭീകരര്‍ 36-ാമത് ബ്രിഗേഡിന്റെ കുടുംബ ക്വാര്‍ട്ടേഴ്‌സിന്റെ പിന്‍ഭാഗം വഴി കടന്നുകയറി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സൈനിക വേഷത്തിലായിരുന്നു ഭീകരര്‍. ആദ്യം കാവല്‍ക്കാരുടെ ബങ്കറാണ് ആക്രമിച്ചത്. അവര്‍ തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. 

നിയന്ത്രണ രേഖ ലംഘിച്ച്‌ പാക്കിസ്ഥാൻ ഫെബ്രുവരി ഒന്‍പതിന് നടത്തിയ വെടിവെപ്പില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റിരുന്നു. 2018 ല്‍ മാത്രം പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ പത്ത് സൈനികരടക്കം 19 പേരാണ് കൊല്ലപ്പെട്ടത്. 75 ഓളം പേര്‍ക്കാണ് വെടിവയ്പിൽ പരുക്കേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.