മലപ്പുറം: ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. വളപട്ടണം പോലീസ് സ്റ്റേഷനില്‍ കെ.സുധാകരന് എം.പി കാണിച്ചത് അധികാര ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് അവസാനിപ്പിക്കണം. ക്രിമിനലുകളെ ക്രിമിനലുകളായി തന്നെ കാണണം. സുധാകരനെതിരെ കേസെടുക്കില്ലെന്ന് ഉറപ്പു നല്കിയ ഉന്നതനാരാണെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഭരണത്തിലെ ഉന്നതനാണിത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ പോലീസ് സ്റ്റേഷനില്‍ സംഭവിച്ചിട്ട് നടപടിയെടുക്കാതിരിക്കുന്നത് ശരിയല്ല.
മലപ്പുറത്ത് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സുധാകരനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് അവസാനിപ്പിക്കണം. ക്രിമിനലുകളെ നേതൃത്വം സംരക്ഷിക്കുന്നത് ശരിയല്ല. സുധാകരന് എന്തുകൊണ്ട് മനുഷ്യത്വപരമായി പെരുമാറുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും സുധാകരനെ വോട്ടുചെയ്ത് ജയിപ്പിച്ച വോട്ടര്‍മാരും ആലോചിക്കണമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: