വിദ്യാദര്‍ശന്‍ സമഗ്ര ശിശു വികാസ പദ്ധതിക്ക് തുടക്കമായി

Sunday 11 February 2018 4:54 pm IST

 

മട്ടന്നൂര്‍: ഭാഷ, സംസ്‌കാരം, കുടുംബം, മാതാപിതാക്കള്‍ എന്നിവയെപ്പറ്റി അഭിമാനമുള്ള തലമുറ വളര്‍ന്നു വരേണ്ടത് ആവശ്യമാണെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോടി.പി.രവീന്ദ്രന്‍.മട്ടന്നൂര്‍ അരോമ ആയുര്‍ ഹെറിറ്റേജ് ഹാളില്‍ മട്ടന്നൂര്‍ ശ്രീ ധര്‍മ്മഭാരതി ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വിദ്യാദര്‍ശന്‍ സമഗ്ര ശിശു വികാസ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ അലസരായി ഇരുത്താതെ ക്രിയാത്മകമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കണം. ഏത് മേഖലയിലായാലും തൊഴിലിന് അതിന്റേതായ മാഹാത്മ്യമുണ്ടെന്ന് പുതുതലമുറ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാല വികാസ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് സി.ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.വി.ജിനേഷ് ലാല്‍, ഡോ.ടി.മനോഹരന്‍ എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ നയിച്ചു. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ബാനിഷ് സ്വാഗതവും വി.എം.കാര്‍ത്തികേയന്‍ നന്ദിയും പറഞ്ഞു. 

സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പ്രഭാഷണം നടത്തി. ആയിത്തര ഗ്രാമസേവാസമിതി സെക്രട്ടറി കെ.അജിത അധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രന്‍ നന്ദി പറഞ്ഞു. 

തൊക്കിലങ്ങാടി, പേരാവൂര്‍, ആയിത്തര, കയനി, കീഴല്ലൂര്‍, കിളിയങ്ങാട്, കോളാരി, കാക്കയങ്ങാട്, എന്നീ തെരഞ്ഞെടുക്കപ്പെട്ട 8 ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 6, 7, 8 ക്ലാസ്സുകളില്‍ പഠിക്കുന്ന 40 വീതം കുട്ടികളെയാണ് ഓരോ ഗ്രാമത്തില്‍ നിന്നും തെരഞ്ഞെടുക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പഠനോപകരങ്ങള്‍ നല്‍കുക, പഠനത്തിന്‌സഹായകരമായ റഫറന്‍സ് പുസ്തകങ്ങളടങ്ങിയ ലൈബ്രറി സംവിധാനം, കംമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിച്ചു കൊടുക്കുക, വ്യക്തിത്വ വികാസ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിദ്യാദര്‍ശന്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.