ജില്ലാ കോടതിക്കടുത്ത അപകട വളവിന് ശാപമോക്ഷമാവുന്നു

Sunday 11 February 2018 4:59 pm IST

 

തലശ്ശേരി: ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായിട്ടുള്ള ജില്ലാ കോടതി പരിസരത്തെ ദേശീയപാതയിലെ അപകട വളവിന് ശാപമോക്ഷമാവുന്നു. ദുര്‍ഘടമായ വളവിലുള്ള റോഡ് വീതി കൂട്ടാനുള്ള പ്രാരംഭ പ്രവൃത്തികള്‍ ദേശിയ പാതാ വിഭാഗം ആരംഭിച്ചു.ഇതിനായുള്ള അനുമതി നേരത്തെ ഹൈക്കോടതി നല്‍കിയിരുന്നു. നിലവില്‍ മദ്ധ്യസ്ഥ തര്‍ക്ക പരിഹാര കേന്ദ്രം പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പിറക് വശമാണ് റോഡ് വികസനത്തിനായി വിട്ടു നല്‍കിയിട്ടുള്ളത്.ഇവിടെ റോഡരികിലുള്ള കോടതി മതില്‍ പൊളിച്ച് പിറകോട്ടായി മാറ്റികെട്ടും. ജില്ലാ ജഡ്ജ് ആര്‍.രഘു ഇതിനായി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കി കോടതി കോംമ്പൗണ്ട് ഭദ്രമാക്കിയ ശേഷമായിരിക്കും റോഡിനായി സ്ഥലം ഉപയോഗപ്പെടുത്തുക. 

മതില്‍ മാറ്റിപ്പണിയാനുള്ള അടിത്തറയാണിപ്പോള്‍ ഒരുക്കുന്നത്. ദേശിയ പാതയില്‍ ധര്‍മ്മടം പാലം മുതല്‍ മാഹി പാലം വരെയാണ് റോഡ് വീതി കൂട്ടുന്നത്. ഇതില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. കോണോര്‍ വയല്‍ മുതല്‍ കോടതി വരെയും ചക്യത്ത് മുക്ക് മുതല്‍ തലായി വരെയുള്ള ഇടുങ്ങിയ റോഡ് വികസനമാണിപ്പോള്‍ കീറാമുട്ടിയായുള്ളത്. ഈ ഭാഗത്തെ സ്വകാര്യ വ്യക്തികള്‍ റോഡിനായി സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറാവാത്തതാണ് തടസ്സമാകുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.