റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 71 മരണം

Monday 12 February 2018 2:52 am IST

മോസ്‌കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 71 പേരും കൊല്ലപ്പെട്ടതായാണ് സൂചന. മോസ്‌കോയിലെ  ദോമോദെദ്ദോവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 80 കിലോമീറ്റര്‍ അകലെ അര്‍ഗുനോവോ ഗ്രാമത്തിലാണ് തകര്‍ന്ന് വീണത്. 

ആഭ്യന്തര വിമാനക്കമ്പനിയായ സറാതവിന്റെ ആന്റനോവ് എഎന്‍-148 വിമാനമാണ് തകര്‍ന്നത്. കസാഖിസ്ഥാന്‍  അതിര്‍ത്തിയിലുള്ള ഉറല്‍സ് നഗരത്തിലെ ഓര്‍സ്‌കിലേക്ക് പറക്കവെയായിരുന്നു അപകടം. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം വിമാനം നിലംപതിച്ചു എന്നാണ് റിപ്പോര്‍ട്ട്. 

മഞ്ഞ് മൂടിയ പ്രദേശത്താണ് വിമാനം നിലംപൊത്തിയത്. പലയിടത്തായി അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഏതാനും  ദിവസങ്ങളായി റഷ്യയില്‍ അതി ശൈത്യവും മഞ്ഞു വീഴ്ചയുമായതിനാല്‍ റോഡ് മാര്‍ഗ്ഗം അടിയന്തര സേവനമെത്തിക്കുക അസാധ്യമായിരുന്നു. കാല്‍നടയായാണ് രക്ഷാ പ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിച്ചേര്‍ന്നത്. നൂറ്റമ്പതിലേറെ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്ന് ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  

65 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ അറുപതിലധികം പേര്‍ ഓറന്‍ബര്‍ഗില്‍ നിന്നുള്ളവരാണ്. വിമാനത്തിന് തകരാറുണ്ടെന്നും ഉടന്‍ അടിയന്തര ലാന്‍ഡിങ് ആവശ്യമാണെന്നും പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ അശോചനം രേഖെപ്പടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.