ലഹരി മാഫിയയെ തളയ്ക്കാനാകുന്നില്ല

Monday 12 February 2018 1:40 am IST


ആലപ്പുഴ: കഞ്ചാവ്, ലഹരി മരുന്ന് വില്‍പ്പന സംഘങ്ങള്‍ക്കെതിരെ എക്‌സൈസും പോലീസും ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും യുവാക്കളും വിദ്യാര്‍ത്ഥികളും ലഹരി കുരുക്കില്‍. 2012 മുതല്‍ സംസ്ഥാനത്തു പാന്‍പരാഗ്, ഹാന്‍സ് പോലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതു നിരോധിച്ചെങ്കിലും ഇവ ജില്ലയിലെമ്പാടും സുലഭമാണ്.  സ്‌കൂള്‍ പരിസരങ്ങളിലുള്ള പുകയില, മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങളുടെ നിരോധനത്തിന്റെ സ്ഥിതിയും ഇതുതന്നെ. നേരത്തെ പരസ്യമായി വില്‍പ്പന നടത്തിയിരുന്ന വസ്തുക്കള്‍ ഇപ്പോള്‍ രഹസ്യമായി യഥാര്‍ഥ വിലയേക്കാള്‍ അഞ്ചുമുതല്‍ പത്തിരട്ടിവരെ ലാഭത്തില്‍ വ്യാപാരികള്‍ വില്‍ക്കുന്നു.
സ്‌കൂളുകള്‍ക്കു സമീപത്തെ നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയ്‌ക്കെതിരേയുള്ള റെയ്ഡുകള്‍ പേരിനു മാത്രമാണ്. നിരോധിത ഉല്‍പ്പന്നങ്ങള്‍ വിറ്റതിന്റെ പേരില്‍ പിടിയിലാകുന്നവര്‍ വീണ്ടും സമാന കേസുകളില്‍ അറസ്റ്റിലാകുന്നതു പതിവാണ്.
നേരത്തെ ഒന്ന് മുതല്‍ അഞ്ചുവരെ രൂപവിലയുണ്ടായിരുന്ന ഹാന്‍സ്, ശംഭു, ഖെയ്‌നി തുടങ്ങിയ പേരുകളില്‍ ലഭ്യമായിരുന്ന വസ്തുക്കള്‍ ഇപ്പോള്‍ 10 രൂപമുതല്‍ 50 രൂപവരെ നല്‍കിയാല്‍ ലഭിക്കും.വാങ്ങാനെത്തുന്നവര്‍ മുന്‍ പരിചയക്കാരോ ഇതര സംസ്ഥാന തൊഴിലാളികളോ ആയിരിക്കണമെന്നു മാത്രം.നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഇത്തരം നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമായി നടക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമിടയിലാണു പാന്‍മസാല, പുകയില തുടങ്ങിയ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂടുതലും.
കഞ്ചാവ്, ഹാഷിഷ്, ലഹരി ഗുളികകള്‍ പോലുള്ള അതീവ ഗുരുതരമായ ലഹരിവസ്തുക്കളുടെ ഉപയോഗവും സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഇതിനു പുറമേയാണു വിദ്യാര്‍ഥികളും രക്ഷിതാക്കളും വ്യാപാരികളുമെല്ലാം ലാഘവത്തോടെ കാണുന്ന പാന്‍മസാല-പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധനത്തിന്റെ മറവിലും നടക്കുന്നത്.
 പാന്‍മസാല, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണു വിദ്യാര്‍ഥികളെയും യുവാക്കളെയും കഞ്ചാവ്, മദ്യം പോലുള്ള ഗുരുതരമായ ലഹരികള്‍ക്ക് അടിമയാക്കുന്നതും ക്രിമിനലുകളാക്കുന്നതും. അടുത്ത കാലത്തായി ചില സ്വകാര്യ ബസ്സുകളിലെ ഡോര്‍ ചെക്കര്‍മാരായ യുവാക്കള്‍ ഇത്തരം ലഹരി കടത്തുകാരായി പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി സാധനങ്ങള്‍ സുഗമമായി എത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.