കാര്‍ഷിക വ്യവസായങ്ങളെ സര്‍ക്കാര്‍ അട്ടിമറിച്ചു

Monday 12 February 2018 1:42 am IST


അമ്പലപ്പുഴ: കര്‍ഷിക വ്യവസായങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഇ. നാരായണന്‍കുട്ടി. കിസാന്‍ സംഘ് ജില്ലാ കര്‍ഷക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമാണ് വികസനം എന്ന് ചിന്തിക്കുന്നവരാണ് കാര്‍ഷിക മേഖലയെ അവഗണിച്ചത്. ഹരിത വിപ്ലവത്തിന്റെ പേരില്‍ രാസവസ്തുക്കള്‍ കുത്തിനിറച്ച കൃഷിഭൂമികള്‍ മലയാളികളെ നിത്യരോഗികളാക്കി. സാക്ഷരതയിലും വ്യക്തിശുചിത്വത്തിലും അഭിമാനിക്കുന്ന മലയാളികള്‍ പൊതുശുചിത്വം പാലിക്കാന്‍ തയാറാകുന്നില്ല. സാക്ഷരത നേടിയവര്‍ രാക്ഷസീയ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. മണ്ണൊലിപ്പ് തടയാന്‍ എന്ന പേരില്‍ തോടുകള്‍ക്ക് മുന്നില്‍ വിരിക്കുന്ന കയര്‍ ഭൂവ വസ്ത്രം കാര്‍ഷിക മേഖലയിലെ മറ്റൊരു ധൂര്‍ത്ത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍. വിജയന്‍പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം പി. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജൈവകൃഷിയെ കുറിച്ച് റിട്ട. കൃഷി ഓഫീസര്‍ സി. ശ്രീകുമാരപണിക്കര്‍ ക്ലാസ് നയിച്ചു. സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.എച്ച്. രമേശ് പ്രമേയ അവതരണം നടത്തി. ജില്ലാ കാര്യദര്‍ശി എന്‍. ജയകുമാര്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.