ഗുരുഭക്തിയാല്‍ തീരാത്ത വിഘ്‌നമില്ല

Monday 12 February 2018 2:30 am IST

വിഘ്‌നങ്ങളെന്തോ ആകട്ടെ, ഗുരുഭക്തിയാല്‍ മനുഷ്യന് അതെല്ലാം അനായാസേന തരണംചെയ്യാവുന്നതാണ്. ദോഷങ്ങള്‍ നീങ്ങിക്കിട്ടാനും ഗുണങ്ങള്‍ കൈവരാനും എളുപ്പമാര്‍ഗം ഗുരുവിലുള്ള ഭക്തിതന്നെ. ഈശ്വരന്റെ പ്രത്യക്ഷരൂപമാണ് ഗുരുവെന്നു കരുതി, പരിപൂര്‍ണഭക്തി പുലര്‍ത്തി, അതിനുകീഴില്‍ സര്‍വസമര്‍പ്പണഭാവത്തോടെ കഴിയുക. ഇത്തരം സമഗ്രത മനസ്സിനെ ശുദ്ധവും ബലിഷ്ഠവുമാക്കിത്തീര്‍ക്കും. 

ഗുരുഭക്തിയേയും ഗുരുവേയും സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഭാഗവതകഥനം. വിവേകവും ജ്ഞാനവും വിളക്കുകൊളുത്തുംപോലെ പകര്‍ന്നുതരുന്ന സാക്ഷാത് ഭഗവത്സ്വരൂപമായ ഗുരുവിനെക്കുറിച്ച്, അദ്ദേഹം വെറും മനുഷ്യനാണെന്ന അസദ്ബുദ്ധി ആരിലുദിച്ചാലും ആ ആളുടെ അറിവുമുഴുവനും ആന കുളിച്ചതുപോലെയേ ആകൂവത്രെ.  കുളികഴിഞ്ഞതും ആന വീണ്ടും പൊടിവാരി മുതുകത്തിടുമല്ലോ. എന്തു പഠിച്ചിട്ടും കാര്യമില്ലെന്നുതന്നെ. 

ഗുരുവിന്റെ സ്ഥാനം എത്ര വിലപിടിച്ചതാണെന്നു മനസ്സിലാക്കിക്കയാണ് ഭാഗവതം അടുത്ത ശ്ലോകത്തില്‍. യോഗേശ്വരന്മാര്‍പോലും തേടുന്ന പാദകമലങ്ങളാണത്രേ ഗുരുവിന്റേത്. ഈശ്വരന്‍തന്നെ ഭക്തനേയോ തത്ത്വജിജ്ഞാസുവിനേയോ ഉപദേശിച്ചനുഗ്രഹിക്കാന്‍ പുറപ്പെടുമ്പോഴാണല്ലോ  ഗുരു പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ സര്‍വാരാധ്യനും, അലൗകികനുമായ ഗുരുവെയാണ് വെറും മനുഷ്യനായി കരുതുന്നതും പരാമര്‍ശിക്കുന്നതും. ഇതെങ്ങനെ ശരിയാകും? 

മനസ്സിനെ വികാരവിക്ഷുബ്ധതയില്‍നിന്നും വിടുവിക്കാനാകണം ഭക്തിയും ശാസ്ത്രപഠനവുമെല്ലാം. അല്ലെങ്കില്‍ ചെയ്തതും നേടിയതും വ്യര്‍ഥംതന്നെ. 

കൃഷിയും കച്ചവടവും യോഗസാധനയാണെന്നോ യോഗഫലം നല്കുമെന്നോ പറയാന്‍ വയ്യ. അതുപോലെതന്നെ ഉദ്ദിഷ്ടഫലത്തിന് ഉതകുന്നതല്ല, പരമാര്‍ഥലാഭത്തില്‍നിന്നും എത്രയോ ദൂരത്തുള്ള വേദകര്‍മാനുഷ്ഠാനങ്ങള്‍, അതായത് ഇഷ്ടാപൂര്‍ത്തം.  മന:ശുദ്ധിയും അന്തരാത്മീയതയും മാത്രമേ എന്തടിസ്ഥാനത്തിലും ഉദ്ദേശനിര്‍വഹണത്തിനു സഹായിക്കൂ. അതിനാല്‍ ഏതുവഴിക്കു നീങ്ങണമെന്നല്ലേ?

മനോജയത്തിന് ഏകാന്തത ആവശ്യം

മനോജയം ഇച്ഛിക്കുന്നവന്‍ കുടുംബസംഗം വെടിഞ്ഞ് ആരില്‍നിന്നും ഒന്നും സ്വീകരിക്കാതെ വിജനപ്രദേശത്തു കഴിഞ്ഞുകൂടുകയാണ് വേണ്ടത്. ദേഹം നിലനിര്‍ത്തുന്നതിനായി ഭിക്ഷയെടുക്കാം, അത്രതന്നെ. 

ഒറ്റക്കിരുന്നു പ്രണവം ജപിക്കുക. കൂട്ടത്തില്‍ പ്രാണായാമവും പരിശീലിക്കാം. കര്‍മവാസനകളും, കര്‍മങ്ങളുമെല്ലാം അങ്ങനെ തീര്‍ന്നു മനസ്സിനു നിശ്ചലാവസ്ഥ കൈവരട്ടെ. ഗൃഹത്തിലിരുന്ന് ഇതൊക്കെ നേടാമെന്നു വിചാരിക്കേണ്ട.

ഏകാന്തതയില്‍ച്ചെന്നു മനസ്സിനെ ഏകാഗ്രമാക്കാന്‍ പുറപ്പെടുമ്പോള്‍, അതു വീണ്ടും വീണ്ടും  ലോകാഭിമുഖമായി നിര്‍ഗമിക്കാം. അപ്പോഴൊക്കെ മനസ്സിനെ തിരിച്ചു സ്വന്തം ഉള്ളിലേക്കുതന്നെ കൊണ്ടുവരണം. 

ദേഹത്തിനുള്ളില്‍ നടക്കേണ്ട ഈ അഭ്യാസം തീവ്രമായി തുടര്‍ന്നാല്‍ മനസ്സ് വൈകാതെ പവിത്രമായി നിര്‍വാണം അനുഭവപ്പെടും. മനസ്സ് അന്തരാത്മാവില്‍ത്തന്നെ ചേര്‍ന്ന് ഉറച്ചിരിക്കുന്നതത്രേ നിര്‍വാണം. കത്തുന്ന വിറകു തീര്‍ന്നുകഴിഞ്ഞാല്‍ തീ അണയുംപോലെയാണ് ധ്യാനാഗ്നി ശമിച്ചു നിര്‍വാണസിദ്ധി അനുഭവപ്പെടുന്നതും!

ഗൃഹത്തില്‍നിന്നും പുറത്തുകടന്ന്  ഇത്തരം ആത്മാഭിമുഖത ശീലിക്കുന്ന ഭിക്ഷു, എന്തെങ്കിലും കാരണത്താല്‍ ആ അഭ്യാസം നിര്‍ത്തി ലോകവസ്തുക്കളുടെ പിന്നാലെതന്നെ വീണ്ടും പോകയാണെങ്കില്‍, അതു തുലോം ശോചനീയമാണ്. അങ്ങേയറ്റം നിന്ദ്യമായ ഇതു ഛര്‍ദിച്ചതു ഭക്ഷിക്കുന്നതുപോലെയത്രെ.  

ഭാഗവതത്തിന്റെ ഭാഷയാണിത്. ഒരു സംഗതിയില്‍നിന്ന് അകന്നുനില്‍ക്കണമെങ്കില്‍,  അതു തീരെ നിഷിദ്ധമാണെന്നു ധരിക്കയും ധരിപ്പിക്കയുമാണ് ഏറ്റവും ഫലപ്രദമായ വഴി. ഭാഗവതം ഈ ശൈലി നിര്‍ലോപം  ഉപയോഗിക്കുന്നതു ശ്രദ്ധാര്‍ഹമാണ്.

മരണത്തിന് ഇരയാണ് ദേഹമെന്നതില്‍ സംശയമോ തര്‍ക്കമോ ഒരിക്കലുമുണ്ടാവില്ല. മാത്രമല്ല ചീഞ്ഞളിഞ്ഞു കൃമിക്കാനോ, കത്തിയെരിഞ്ഞു വെണ്ണീറാകാനോ പോകുന്നതാണല്ലോ. അങ്ങനെയുള്ളതിനെ പരമകല്യാണകരമായ ആത്മാവായി കരുതി സ്തുതിക്കുന്നതിലേറെ വങ്കത്തമോ നിഷിദ്ധതയോ ഉണ്ടോ?

എല്ലാ ആശ്രമങ്ങള്‍ക്കുമുള്ള പൊതുപിഴവുകള്‍ ഇത്രയൊക്കെ വിവരിച്ചശേഷം വ്യാസമഹര്‍ഷി നാലാശ്രമക്കാര്‍ക്കു പിണയാവുന്ന മൊത്തം പിഴവുകള്‍ സംക്ഷിപ്തമായി പ്രസ്താവിക്കുന്നതു സൂക്തരൂപേണ ഓര്‍മവെക്കേണ്ടതാണ്.

ഗൃഹസ്ഥന്‍ സ്വന്തം ധര്‍മകര്‍മങ്ങളെ ഒരിക്കലും ത്യജിക്കരുത്. ബ്രഹ്മചാരിയാകട്ടെ നിത്യവ്രതത്തേയും കടുകിട വിട്ടുകൂടാ. വാനപ്രസ്ഥന്‍  ഒരി്ക്കലും ഗ്രാമങ്ങളില്‍ വരുകയോ, എന്തെങ്കിലും സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. 

സംന്യാസി്ക്കാണെങ്കില്‍ തെല്ലുപോലും ഇന്ദ്രിയസുഖങ്ങളില്‍ രതി സംഭവിച്ചുകൂടാ. ഇതില്‍ ആര്‍ക്കെങ്കിലും പിഴവു വന്നുപോയെന്നുകണ്ടാല്‍, ദയ തോന്നി അവരില്‍നിന്നും അകന്നുനില്‍ക്കയാണ് എന്നുമാവശ്യം.

നാരദമഹര്‍ഷി തറപ്പിച്ചുചോദിക്കുന്നതു സദാ സ്മരണീയമാണ്. ദേഹമല്ല ആത്മാവെന്നിരിക്കേ, എന്തടിസ്ഥാനത്തിലാണ് ഒരുവന്‍ ദേഹലമ്പടനായി ദേഹപുഷ്ടിക്കുവേണ്ടി പാടുപെട്ടുകഴിയേണ്ടത്?

ഈ മൂല്യം ഉള്‍ക്കൊള്ളിക്കുന്നതിനായി പ്രവൃത്തിനിവൃത്തികര്‍മങ്ങളെക്കുറിച്ചുള്ള വിവേകമാണ് മഹര്‍ഷി കാര്യമായി ഉറപ്പിച്ചോതുന്നത്.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍ 

രചിച്ച ധര്‍മമൂല്യങ്ങള്‍ 

ഭാഗവതവാക്യങ്ങളില്‍ എന്ന 

ഗ്രന്ഥത്തില്‍ നിന്ന് 

e-mail: ashram@bhoomananda.org

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.