ചിന്താക്കുഴപ്പം വേണ്ട

Monday 12 February 2018 2:30 am IST

''ലോകഹാനൗ ചിന്താ നഃകാര്യാ 

നിവേദിതാത്മ

ലോക വേദ ശീലത്വാത്''

ലൗകികമായ കാര്യങ്ങളില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ഒരു ഭക്തന്‍ ചിന്തിക്കേണ്ടതേയില്ല. ഭക്തന്‍ തന്നെത്തന്നെ ഭഗവാനിലേക്ക് അര്‍പ്പിച്ചവനാണല്ലോ. തന്റെ സര്‍വസ്വവും ഭഗവാനിലേക്ക് സമര്‍പ്പിച്ച് നിവേദിച്ചവനാണ് ഭക്തന്‍. താന്‍ അനുഭവിക്കുന്നതും ഭഗവാന്റെ പ്രസാദം തന്നെയെന്ന് ഭക്തന്‍ തിരിച്ചറിയണം.

എഴുത്തച്ഛന്‍ പാടിയത് ഓര്‍ക്കുന്നില്ലേ. 

''ബഹുജന്മാര്‍ജിത കര്‍മമശേഷം തിരുമുല്‍ക്കാഴ്ച നിനക്കിഹ വച്ചേന്‍

ജനിമരണങ്ങളെനിക്കിനിവേണ്ടാ പരിപാലയ മാം നാരായണജയ''

കര്‍മ്മങ്ങളെയെല്ലാം ഭഗവാനിലേക്ക് അര്‍പ്പിച്ചുകഴിഞ്ഞാല്‍ കര്‍മഫലങ്ങളും ഭഗവാനുള്ളതാണ്. അതില്‍ നമുക്ക് യാതൊരു അവകാശവുമില്ല. കര്‍മം ഭഗവാന്റേതായിക്കഴിഞ്ഞാല്‍ കര്‍മഫലവും ഭഗവാന്റെ തന്നെയാണ്. പിന്നെ നാം എന്തെങ്കിലും അനുഭവിക്കുന്നുണ്ടെങ്കില്‍ അതൊക്കെ ഭഗവാന്റെ കാരുണ്യത്താല്‍ നമുക്ക് കിട്ടുന്ന പ്രസാദമാണ്. അത് ഭഗവാന്റെ ദാനമാണ്. ഇത് എന്റേതല്ല എന്ന പൂര്‍ണബോധ്യം നമുക്കുണ്ടാവണം.

ലൗകിക താല്‍പര്യങ്ങള്‍ സ്വല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ സല്‍കര്‍മ്മങ്ങളില്‍ കര്‍തൃത്വബോധവും ദുഷ്‌കര്‍മങ്ങളില്‍ തന്റെ കുറ്റംകൊണ്ടല്ലാ എന്ന ന്യായീകരണബോധവും നിലനില്‍ക്കും. അങ്ങനെ നാം തന്നെ കര്‍ത്താവും അതിലൂടെ ഭോക്താവുമായിത്തീരും. നാം ചെയ്ത കര്‍മങ്ങളുടെ തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കും. കര്‍മഫലങ്ങള്‍ക്കനുകൂലമായ കാലാവസ്ഥയില്‍ അത് പ്രവര്‍ത്തിച്ച് ഫലാങ്കുരങ്ങള്‍ മുളച്ച് നമ്മിലേക്കെത്തിച്ചേരും. അങ്ങനെ നമ്മുടെ കര്‍മത്തിന്റെ ഫലം നമ്മിലേക്കുതന്നെ എത്തിച്ചേരും.

എന്നാല്‍ ഒരു ഉത്തമഭക്തന്‍ സര്‍വസ്വവും നന്മതിന്മകള്‍ വേര്‍തിരിക്കാതെ ഭഗവാനിലേക്കര്‍പ്പിക്കുന്നു. പിന്നെ പ്രവര്‍ത്തിക്കുന്നത് നമ്മുടെ കര്‍മഫലമല്ല. ഭഗവാന്റെ പ്രസാദം മാത്രമാണ്.

കൊച്ചുകുട്ടി ഒറ്റയ്ക്ക് നടന്നാല്‍ ചെളിയില്‍ വീണേക്കും. കുട്ടി തന്റെ കൈ അമ്മയുടെ കൈപ്പിടിയിലേക്കു തള്ളിക്കയറ്റിയാലും അമ്മയ്ക്ക് നിയന്ത്രണം കിട്ടിക്കോളണമെന്നില്ല. മറിച്ച് അമ്മ കുട്ടിയുടെ കയ്യിലാണ് പിടിച്ചിരിക്കുന്നതെങ്കില്‍ ചെളിയും കുഴിയുമുള്ളിടത്ത് മനപ്പൂര്‍വം അമ്മ കുട്ടിയെ ഉയര്‍ത്തിപ്പിടിച്ച് വീഴ്ചകളില്‍നിന്നും രക്ഷിക്കും. അക്കാര്യത്തില്‍ ഒട്ടും വീഴ്ചവരില്ല. പിന്നെ നമ്മുടെ ഭാരമെല്ലാം അമ്മയ്ക്കാണ്. 

ഇതുപോലെ ഭക്തന്റെ എല്ലാ കാര്യങ്ങളിലുമുള്ള ബാധ്യത ഭഗവാനാണ്. ഭക്തന്‍ ആനന്ദിച്ച് നടനം ചെയ്തു നടന്നാല്‍ മതിയാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.