സത്യം തന്നെ ജയിക്കുന്നു

Monday 12 February 2018 2:45 am IST

മുണ്ഡകോപനിഷത്ത്-19

സത്യത്തിന്റെ മാഹാത്മ്യത്തെ പറയുന്നു-

സത്യമേവ ജയതേനാനൃതം

സത്യേന പന്ഥാ വിതതോ ദേവയാനഃ

യേനാ ക്രമന്തി ഋഷേയാ ഹ്യാപ്തകാമാഃ

യത്ര തത് സത്യസ്യ പരമം നിധാനം

സത്യം തന്നെ ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല. സത്യത്താല്‍ ദേവയാനമെന്ന വഴി വിസ്തീര്‍ണമായിരിക്കുന്നു. അതിലൂടെയാണ് ആഗ്രഹങ്ങളെല്ലാം നേടിയ (അടങ്ങിയ) ഋഷിമാര്‍ സഞ്ചരിക്കുന്നത്, എത്തിച്ചേരുന്നത്. ആസ്ഥാനം സത്യത്തിന്റെ പരമമായ നിധിയാകുന്നു.

ആത്മദര്‍ശനത്തിനുള്ള സാധനങ്ങളില്‍ സത്യമാണ് ഏറ്റവും പ്രധാനമായത് എന്ന് ഇവിടെ വ്യക്തമാക്കുന്നു. സത്യം പാലിക്കുന്നവര്‍ക്കുമാത്രമേ ശരിയായ വിജയമുള്ളൂ. അനൃതം അഥവാ അസത്യത്തിന് ജയവുമില്ല നിലനില്‍പ്പുമില്ല. സത്യവാദികള്‍ക്കാണ് ജയം. അസത്യവാദികള്‍ക്ക് ഒരിക്കലും ജയമുണ്ടാകുകയില്ല. ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളില്‍ മാറാതെ നില്‍ക്കുന്നതാണ് സത്യം. ഇന്നലെയും ഇന്നും നാളേയും അതിന് യാതൊരു മാറ്റവുമില്ല. അസത്യം എന്നും മാറി മറഞ്ഞുകൊണ്ടിരിക്കും. സത്യം എന്നതിന്റെ ഏറ്റവും വലിയ അര്‍ത്ഥം ബ്രഹ്മം എന്നുതന്നെയാണ്. സത്യത്തെ മുറുകെ പിടിച്ചവര്‍ക്കു മാത്രമേ ദേവയാന മാര്‍ഗ്ഗത്തിലൂടെ പോയി ഋഷികള്‍ എത്തിച്ചേര്‍ന്ന പരമസത്യത്തെ പ്രാപിക്കാനും കഴിയൂ. മാര്‍ഗ്ഗവും ലക്ഷ്യവും സത്യം തന്നെയാണ്, അല്ലാതെ മറ്റൊന്നല്ല.

'സത്യമേവ ജയതേ' എന്ന ഈ ഉപനിഷദ് മന്ത്രമാണ് പരമോന്നത നീതിപീഠത്തിന്റെ ആപ്തവാക്യമായി നമ്മുടെ രാജ്യത്ത് ഉപയോഗിച്ചിട്ടുള്ളത്. സത്യത്തിന്റെ നീതി പീഠത്തിനുമുന്നില്‍ അസത്യങ്ങള്‍ക്ക് ഒരിക്കലും നിലനില്‍ക്കാനാവില്ല. അതിനാല്‍ ആഗ്രഹങ്ങളെയൊക്കെ അടക്കി ഉത്തമ സാധനമായ സത്യംകൊണ്ട് ഏറ്റവും ഉത്കൃഷ്ടമായ നിധിയെ നമ്മള്‍ നേടണം.

സത്യത്തിനും അസത്യത്തിനും മനുഷ്യരെ ആശ്രയിച്ചിരിക്കുമ്പോഴാണ് ജയവും പരാജയവും. അവയ്ക്ക് തനിച്ച് ഒന്നുമാകില്ല. സത്യവാനാണ് ജയം, അസത്യമുള്ളവനല്ല. അവനവന്റെ കോടതിയില്‍ അസത്യക്കാരന് ജയിക്കാനാവില്ല. നമ്മുടെ ഉള്ളില്‍ ചൈതന്യമായി വിളങ്ങുന്ന സത്യത്തിനു മുന്നില്‍ അസത്യത്തിന് പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ട് സത്യം ബലമേറിയ സാധനമാണ്. സത്യവഴിയില്‍കൂടി നടക്കുമ്പോള്‍ വ്യാജം, മായ, ശാഠ്യം, അഹങ്കാരം, ദംഭം, അസത്യം തുടങ്ങിയ ദോഷങ്ങളെ പൂര്‍ണമായും തള്ളിക്കളയാനാകും. എന്നിട്ട് സത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയാണ് വേണ്ടത്. ഇപ്രകാരം വളരെ വിവേകപൂര്‍വം ആദ്ധ്യാത്മിക ജീവിതം നയിക്കുന്നതാണ് ദേവയാനം. തൃഷ്ണകള്‍ അടങ്ങിയ ഋഷികള്‍ക്ക് ഈ വഴിയിലൂടെ മുന്നേറി ലക്ഷ്യത്തിലെത്താന്‍ കഴിയും.

ഇങ്ങനെ നേടുന്ന ബ്രഹ്മപദത്തെപ്പറ്റി പറയുന്നു.

ബൃഹച്ച തദ്ദിവ്യമചിന്ത്യരൂപം

സൂക്ഷ്മാച്ച തത് സൂക്ഷ്മതരം വിഭാതി

ദൂരാത് സുദൂരേ തദിഹാന്തികേ ച

പശ്യത് സ്വി ഹൈവ നിഹിതം ഗുഹായാം.

ബ്രഹ്മം ബൃഹത്തായതും ദിവ്യവും അചിന്ത്യമായ രൂപത്തോടുകൂടിയതും സൂക്ഷ്മത്തേക്കാള്‍ സൂക്ഷ്മതരമായതും പലതരത്തില്‍ ശോഭിക്കുന്നതും ദൂരെയുള്ളതിനേക്കാള്‍ ദൂരെയിരിക്കുന്നതും ഈ ദേഹത്തിലായി അടുത്തിരിക്കുന്നതും അറിയുന്നവര്‍ക്ക് ബുദ്ധി ഗുഹയിലിരിക്കുന്നതുമാണ്.

ബ്രഹ്മം എന്താണെന്നും സ്വഭാവമെന്താണെന്നുമാണ് ഈ മന്ത്രത്തില്‍ വിവരിക്കുന്നത്. എങ്ങും വ്യാപിച്ച് ബൃഹത്തായിരിക്കുന്നതിനാലാണ് ബ്രഹ്മം എന്നു പറയുന്നത്. ഏറ്റവും മഹത്താണ.് സ്വയം പ്രകാശവും ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിയാത്തതും ചിന്തിക്കാന്‍ പറ്റാത്ത രൂപത്തോടുകൂടിയതുമാണ്. ഏറ്റവും ചെറുതായതിനേക്കാള്‍ ചെറുതാണ്. പലവിധത്തില്‍ വിളങ്ങുന്നതുമാണ്. സൂക്ഷ്മവസ്തുക്കളുടെ കൂടി ആത്മാവാണ്. അറിവില്ലാത്തവര്‍ക്ക് ഹൃദയാകാശത്ത് കുടികൊള്ളുന്ന ബ്രഹ്മത്തെ മനസ്സിലാക്കാനാവില്ല. 'പശ്യത്സു' എന്ന് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ചേതനയുള്ള എല്ലാറ്റിലും കുടികൊള്ളുന്നതാണ് എന്നുതന്നെയാണ് അര്‍ത്ഥമെങ്കിലും അജ്ഞാനത്തിന്റെ മറ നീങ്ങിയവര്‍ക്കുമാത്രമേ ബ്രഹ്മത്തെ തന്റെ അന്തരാത്മാവായി അറിയാനാകൂവെന്ന് ബോധ്യമാകണം. ഇവിടെ വച്ചുതന്നെ അതിനെ സാക്ഷാത്കരിക്കണം.

ഏറ്റവും വലുത്, ഏറ്റവും ചെറുത്, എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത് ഒന്നിനും പ്രകാശിപ്പിക്കാന്‍ സാധിക്കാത്തത്, അചിന്ത്യമായത് പല പ്രകാരത്തില്‍ ശോഭിക്കുന്നത്, ദൂരെയുള്ളത് എന്നാല്‍ അടുത്തുള്ളത്, ഉള്ളിലുണ്ടെങ്കിലും വിദ്വാന്മാര്‍ അറിയുന്നത് അറിവില്ലാത്തവര്‍ക്ക് കാണാനാകാത്തത് -എന്നിങ്ങനെ ബ്രഹ്മത്തെ വിരുദ്ധങ്ങളെന്നു തോന്നുന്ന പ്രസ്താവനകളിലൂടെ പറയുകയാണ്. ചിന്തകള്‍ക്കും വാക്കുകള്‍ക്കും അപ്പുറമുള്ള പരമാത്മ സ്വരൂപത്തെ ഇപ്രകാരമല്ലാതെ എങ്ങനെ വര്‍ണ്ണിക്കും? ഈശാവാസ്യോപനിഷത്തിലും കഠോപനിഷത്തിലും ഇതേ ആശയം വരുന്ന മന്ത്രങ്ങള്‍ നാം കണ്ടതാണല്ലോ. ആ ബ്രഹ്മത്തെ സാക്ഷാത്കരിക്കാനാവട്ടെ നമ്മുടെ യത്‌നം.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ

ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.