ജഡ്ജിമാര്‍ ഉദ്യോഗസ്ഥരോ?

Monday 12 February 2018 2:45 am IST
ഭരണഘടനാ പദവി വഹിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ സാധാരണ നിയമംവഴി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോ എന്നത് കാതലായ ചോദ്യമാണ്. ഭരണഘടനയുടെ ഭാഗമായ രണ്ടാം പട്ടിക പൂര്‍വ്വകാല പ്രാബല്യത്തോടുകൂടി സാമ്പത്തിക ഭാരമുണ്ടാക്കുന്ന രീതിയില്‍ ഭേദഗതി ചെയ്യാമോ?

''ഒരു സുപ്രീംകോടതിക്കും അതിനെ മൂന്നാം അറയാക്കാന്‍ കഴിയില്ല. ഒരു സുപ്രീംകോടതിക്കോ ജുഡീഷ്യറിക്കോ പാര്‍ലമെന്റിന്റെ പരമാധികാര ഇച്ഛയ്ക്കുമേലെ വിധി നിര്‍ണയിക്കാന്‍ അവകാശമില്ല. നമ്മള്‍ അവിടെയോ ഇവിടെയോ തെറ്റായ ദിശയില്‍ പോകുന്നുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാം. പക്ഷേ അന്തിമ വിശകലനത്തില്‍ രാജ്യത്തിന്റെ ഭാവി ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ ഒരു ജുഡീഷ്യറിക്കും അതിന് മാര്‍ഗ്ഗതടസ്സമുണ്ടാക്കാന്‍ പറ്റില്ല. അങ്ങനെഅത് ചെയ്യുകയാണെങ്കില്‍ അന്തിമമായി ഭരണഘടന തന്നെ പാര്‍ലമെന്റിന്റെ സൃഷ്ടിയാണെന്ന് ഓര്‍ക്കണം.''

ഈ പ്രസ്താവന നടത്തിയത് ഏതെങ്കിലും ഇടതുപക്ഷ രാഷ്ട്രീയ നേതാവല്ല.  1949-ല്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണവ. പിന്നീട് അദ്ദേഹത്തിന്, അന്‍പതുകളില്‍ സുപ്രീംകോടതിയിലെ ദന്തഗോപുര വാസികളെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവന്നു എന്നത് ചരിത്രം.

നമ്മുടെ  ഭരണഘടനയെ താങ്ങിനിര്‍ത്തുന്ന മൂന്ന് നെടുംതൂണുകളില്‍ ഒന്നുമാത്രമാണ്-നീതിന്യായ വ്യവസ്ഥ. ഒരു തൂണ്‍ മറ്റേ തൂണിനേക്കാള്‍ വലുതാണെന്നോ, പ്രാധാന്യം കുറഞ്ഞതാണെന്നോ കരുതാന്‍ കാരണമില്ല.

പക്ഷേ പലപ്പോഴും നീതിന്യായ വ്യവസ്ഥ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തപ്പെടേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. ഉദാഹരണത്തിന്, മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റിന്റെ രണ്ട് സഭകളും അംഗീകരിച്ച ജഡ്ജിമാരുടെ നിയമനങ്ങളെ സംബന്ധിച്ച നിയമം ഈ രാജ്യത്തെ നാല് പൗരന്മാര്‍ സുപ്രീംകോടതിയിലിരുന്നു റദ്ദാക്കുകയുണ്ടായി- അഞ്ചാമന്റെ ശക്തമായ വിയോജനക്കുറിപ്പോടെ. പഞ്ചാബ് നിയമസഭയുടെ നടപടികളില്‍ അതിക്രമിച്ച് കയറി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി റദ്ദ് ചെയ്തു. ഇതുപോലത്തെ ഒരുപാട് വിധികള്‍ ചൂണ്ടിക്കാണിക്കാനുണ്ട്.

ഈ വ്യതിയാനത്തിന് എന്താണ് കാരണം?  കോടതിയുടെ കാഴ്ചപ്പാടിലും പ്രവര്‍ത്തനത്തിലും വ്യത്യാസം വന്നിട്ടുണ്ടോ? ഇന്ദിരാഗാന്ധിയുടെ കാലത്തേക്ക് ഒരു തിരിച്ചുപോക്ക് നടത്തുകയാണോ? ആണെന്ന് സുപ്രീംകോടതി നിരീക്ഷകര്‍ ഭയപ്പെട്ടാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 

നിര്‍വഹണ വിഭാഗങ്ങളില്‍നിന്ന് നീതിന്യായ വ്യവസ്ഥ പൂര്‍ണമായും സ്വതന്ത്രമാകണമെന്നാണ് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നത്. ജുഡീഷ്യറിക്ക് തൂലികയുടെ ശക്തി മാത്രമേയുള്ളൂ. പണസഞ്ചിയുടെ ശക്തിയില്ല. അത് നിര്‍വഹണ വിഭാഗത്തിന്റേത് മാത്രമാണ്. 

കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി ജഡ്ജിമാര്‍ക്ക് വാരിക്കോരി സാമ്പത്തിക സമ്മാനങ്ങള്‍ നല്‍കാന്‍ നിര്‍വഹണ വിഭാഗം വ്യഗ്രത കാണിക്കുന്നത് പ്രകടമാണ്. വിരമിച്ച ജഡ്ജിമാര്‍ക്ക് മരണംവരെ ജനങ്ങളുടെ ചെലവില്‍ കഴിയാന്‍ സഹായകമായ ട്രൈബ്യൂണലുകളും കമ്മീഷനുകളും വര്‍ഷംതോറും വര്‍ധിച്ച് വരികയാണ്. ആര്‍ബിട്രേഷനുകള്‍ വേറെയും. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുകള്‍ക്കോ തെരഞ്ഞെടുപ്പ് കമ്മീഷനോ വിരമിച്ച ശേഷം വരുമാനമുള്ള സ്ഥാനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് നമ്മുടെ ജഡ്ജിമാര്‍ക്കില്ല. അതുകൊണ്ട് ഒരിക്കല്‍ ജഡ്ജിയാകാന്‍ ഭാഗ്യം കൈവന്നവര്‍ക്ക് മരണംവരെ പദവി നഷ്ടപ്പെട്ടാലും ഭീമമായ അലവന്‍സുകളും സാമ്പത്തികമായ മെച്ചങ്ങളും തുടര്‍ന്ന് കിട്ടിക്കൊണ്ടിരിക്കുന്നു. 

ട്രിബ്യൂണലുകളും കമ്മീഷനുകളും മറ്റു സമാന സമിതി അംഗത്വങ്ങളും ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ തകര്‍ക്കുമെന്ന് സധൈര്യം പറഞ്ഞത് സുപ്രീംകോടതിയിലെ പ്രഗത്ഭ ജഡ്ജി റുമാ പാല്‍ ആണ്. നിഷ്പക്ഷതയ്ക്കും നീതിബോധത്തിനും പ്രശസ്തി നേടിയ വനിതാ ജഡ്ജിയാണ് അവര്‍. സുപ്രീംകോടതി ജഡ്ജിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ജസ്റ്റിസ് ഫസലാലിയെ ബീഹാര്‍ ഗവര്‍ണറായി നിയമിച്ചതിനെ എം.സി. സെതല്‍വാദ് നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ജഡ്ജിമാര്‍ക്ക് സര്‍ക്കാരുദ്യോഗസ്ഥന്മാരെപ്പോലെ മുന്‍കാല പ്രാബല്യത്തില്‍ ശമ്പള അലവന്‍സുകളുടെ വര്‍ധനയിനത്തില്‍ ലക്ഷക്കണക്കിന് വരുന്ന സംഖ്യ വിതരണം ചെയ്യുന്നത് ശരിയാണോ? ജഡ്ജിമാരുടെ ശമ്പളം നിര്‍ണയിച്ചിരിക്കുന്നത് ഭരണഘടനയുടെ രണ്ടാം പട്ടികയിലാണ്. ആ പട്ടിക ഭരണഘടനയുടെ അവിഭാജ്യഘടകമാണെന്നുള്ളത് അവിതര്‍ക്കിതമാണ്. എന്നിട്ടും ഭരണഘടനയില്‍ നിശ്ചയിച്ചിരിക്കുന്ന 3,500 രൂപ ശമ്പളം ഭരണഘടനയുടെ 54-ാം ഭേദഗതി അനുസരിച്ച് 8,000 രൂപയാക്കി. പിന്നീട് 2009 ലെ 23-ാം ആക്ട് വഴി 1/1/2008 മുന്‍കാല പ്രാബല്യത്തോടെ 8,000 രൂപ 80,000 ആക്കിയുയര്‍ത്തി. മൂന്ന് വര്‍ഷത്തെ ഭീമമായ കുടിശ്ശികയും ഓരോ ജഡ്ജിമാര്‍ക്കും നല്‍കുകയുണ്ടായി. ഇപ്പോള്‍ ബാറിലെ പ്രഗത്ഭരെ ജഡ്ജി പദത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്ന കാരണം പറഞ്ഞ് നിലവിലെ ശമ്പളമായ ഒന്നരലക്ഷം രൂപ 2018 മുതല്‍ പൂര്‍വകാല പ്രാബല്യത്തോടെ രണ്ടരലക്ഷം രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഈ വാര്‍ത്ത രാജ്യത്തെ നിലവിലുള്ള ജഡ്ജിമാര്‍ക്ക് സന്തോഷജനകമായിരിക്കും. പക്ഷേ ഇത്തരം വര്‍ധനവുകള്‍ നിയമവിധേയംകൂടിയാകേണ്ടേ?

നമ്മുടെ ജഡ്ജിമാര്‍ക്ക് അധ്വാനഭാരമുണ്ട്. അവരുടെ പദവി റോസാപ്പൂ മെത്തയല്ല, ജോലിയാകട്ടെ ദുഷ്‌കരവും. ഉന്നതമായ ആ ഭരണഘടനാ പദവിക്കനുസരിച്ച് ശമ്പള-സേവന വ്യവസ്ഥകള്‍ ആകര്‍ഷകമാക്കേണ്ടത് അനിവാര്യമാണ്. പക്ഷേ ഭരണഘടനാ പദവി വഹിക്കുന്നവരെ വെറും ശമ്പളക്കാരായി തരംതാഴ്ത്തുന്നത് ശരിയാണോ? അവരെ അവഹേളിക്കുന്നതിന് തുല്യമല്ലേ അത്? 

അവിടെയാണ് ഭരണഘടനാ പദവി വഹിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ സാധാരണ നിയമംവഴി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോ എന്ന കാതലായ ചോദ്യം ഉയരുന്നത്. ഭരണഘടനയുടെ ഭാഗമായ രണ്ടാം പട്ടിക പൂര്‍വ്വകാല പ്രാബല്യത്തോടുകൂടി സാമ്പത്തിക ഭാരമുണ്ടാക്കുന്ന രീതിയില്‍ ഭേദഗതി ചെയ്യാമോ? മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ ഭരണഘടനാ പദവി വഹിക്കുന്ന  സ്ഥാനീയര്‍ക്ക് സര്‍വീസില്‍ ഉള്ളവരെപ്പോലെ മുന്‍കാല ആനുകൂല്യങ്ങള്‍ നല്‍കി തൃപ്തിയാക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോ? ഇല്ലെന്ന് മനസ്സിലാക്കിക്കൊണ്ടാണ് 1954ലെ ഹൈക്കോടതി ജഡ്ജിമാരുടെ സേവന വ്യവസ്ഥ ആക്ട് (1954 ലെ 28-ാം ആക്ട്) നടപ്പില്‍ വരുത്തിയത്. ഭരണഘടന ആരംഭഘട്ടത്തില്‍ അതിന്റെ ഭാഗമായി നിര്‍ണയിച്ച ശമ്പളം ഭരണഘടനാ ഭേദഗതി കൂടാതെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ ഭരണഘടനാ പദവി വഹിച്ചിരുന്ന വ്യക്തികള്‍ക്ക് പൂര്‍വ്വകാല പ്രാബല്യത്തോടുകൂടി സാമ്പത്തിക പാക്കേജുകള്‍ നടപ്പാക്കാന്‍  ഭരണഘടന അനുവദിക്കുന്നുണ്ടോ?

ഇല്ലെന്നാണ് ഈ ലേഖകന്റെ വിനീത അഭിപ്രായം. നിയമവിദഗ്ദ്ധരുടെ വിചിന്തനത്തിന് ഈ വിഷയം വിടുന്നു. ആത്യന്തികമായി കോടതികള്‍ ജനങ്ങളുടേതാണ്. ഒരു പറ്റം അഭിഭാഷകരുടേയും ജഡ്ജിമാരുടേയും സ്വകാര്യസ്വത്തല്ല.

(പ്രമുഖ നിയമജ്ഞനും ഹൈക്കോടതിയിലെ

മുതിര്‍ന്ന അഭിഭാഷകനുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.