നാഗാ പ്രശ്‌നപരിഹാരത്തിന് ബിജെപി പ്രതിജ്ഞാബദ്ധം

Monday 12 February 2018 2:40 am IST

തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനായുള്ള ആഹ്വാനം നാഗാലാന്‍ഡില്‍ ഉയര്‍ന്നിരുന്നു. എന്താണ് സംഭവിച്ചത്?

നാഗാ സമാധാന ഉടമ്പടി ഒപ്പിട്ടശേഷം ബിജെപി വളരെ മുന്നേറിയിട്ടുണ്ടെന്ന വികാരം പൊതുവെ അവിടെ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. നാഗാലാന്‍ഡിലെ ജനങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ട്. നാഗാപ്രശ്‌ന പരിഹാരത്തിനു പ്രതിജ്ഞാബദ്ധമാണെന്ന് നാഗാലാന്‍ഡിലെ ജനങ്ങള്‍ക്ക് ബിജെപി ഉറപ്പുനല്‍കുന്നു. വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ സംസ്ഥാന ഭരണകൂടമെന്ന നിലയിലും പ്രശ്‌നപരിഹാരത്തിനു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും, എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാനാവുമെന്നും ബിജെപി ഉറച്ചുവിശ്വസിക്കുന്നു.

സാമൂഹിക സംഘടനാ നേതാക്കന്മാരോടും ബിജെപി ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. ഭാരത പൗരന്മാരെന്ന നിലയില്‍ ഭരണഘടനയേയും ഭരണഘടനാപരമായി നടത്തേണ്ട തെരഞ്ഞെടുപ്പുകളെയും ബഹുമാനിക്കണം എന്ന കാര്യം വലിയൊരു വിഭാഗം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നറിയുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കാന്‍ ബിജെപി ഗൗരവതരമായി ഇടപെടുമെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 

എത്രയും നേരത്തെയുള്ള പരിഹാരം എന്നു താങ്കള്‍ പറയുന്നു. ഇതിന് ഏതെങ്കിലും തരത്തില്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?

ഇല്ല. ഏതെങ്കിലും അന്തിമ സമയപരിധിയെക്കുറിച്ചല്ല ഞങ്ങള്‍ സംസാരിക്കുന്നത്. പ്രശ്‌നപരിഹാര ശ്രമങ്ങളില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. തീര്‍ച്ചയായും അതില്‍നിന്ന് ഒരു തിരിച്ചുപോക്കില്ല. ചില കാര്യങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാനുണ്ട്. ഞങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷയിലാണ്.

നാഗാ സമാധാന ഉടമ്പടിയെക്കുറിച്ചുള്ള ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. നാഗാലിം (വിശാല നാഗാലാന്‍ഡ്) ആണ് ആവശ്യങ്ങളില്‍ പ്രധാനം. വിശദീകരിക്കാമോ?

ഭാരതസര്‍ക്കാരും നാഗാ സംഘടനകളും ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്താണ് കരാറിന് രൂപം നല്‍കിയത്. എല്ലാവരെയും വിശ്വാസത്തിലെടുത്തുമാത്രമേ അതിനു അന്തിമരൂപം നല്‍കുകയുള്ളൂ. അതിനാല്‍ ആര്‍ക്കും ആശങ്കയുണ്ടാവേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പരിഗണിക്കപ്പെടും.

മറ്റ് സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുമോ?

മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും അവരുമായി ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ അതിനു തയ്യാറാകുമെന്ന് എനിക്കുറപ്പുണ്ട്.

ഈ കരാറിന്റെ ചട്ടക്കൂട് എങ്ങനെയാണ്?

കരാറിന്റെ ചട്ടക്കൂടിനനുസരിച്ചാണ് ചര്‍ച്ചകളും ഇടപെടലുകളും നടക്കുക. പക്ഷേ അത് അന്തിമരൂപമല്ല. അത് അടിസ്ഥാന രേഖയാണ്. ഇരുകക്ഷികളും അതായത് സര്‍ക്കാരും നാഗാ സംഘടനകളും തമ്മില്‍ മികച്ച പരസ്പരധാരണയാണ്. കഴിഞ്ഞ രണ്ടരവര്‍ഷ കാലയളവില്‍ ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ വാജ്‌പേയി അധികാരത്തിലിരുന്ന കാലത്താണ് ചര്‍ച്ചകള്‍ക്കു തുടക്കമിടുകയും, വെടിനിര്‍ത്തല്‍ ആരംഭിക്കുകയും ചെയ്തത്. നാഗാ സംഘടനകളോട് ആയുധം താഴെവയ്ക്കാനും, ഒരു മേശക്കിരുവശവുമിരുന്ന് ചര്‍ച്ചകള്‍ക്കു തയ്യാറാകാനും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ 2004-ല്‍ ഞങ്ങളുടെ സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടു. ഒരു ദശാബ്ദക്കാലത്തെ യുപിഎ ഭരണത്തില്‍ ഈ വിഷയത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഞങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഉടനെ മുടങ്ങിപ്പോയ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും രമ്യമായ പരിഹാരം ഉണ്ടാക്കാനുമുള്ള നടപടികള്‍ ദ്രുതഗതിയിലെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ആര്‍.എന്‍. രവിയെ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചതും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. അങ്ങനെ ഉടനെതന്നെ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. മാസങ്ങള്‍ക്കുള്ളില്‍ 'ഫ്രെയിംവര്‍ക്ക് എഗ്രിമെന്റ്' ഒപ്പുവയ്ക്കുകയും ചെയ്തു. അത് നമ്മുടെ ലക്ഷ്യത്തിന്റെ പ്രകാശിതരൂപം മാത്രമാണ്. ഒരുപേജ് മാത്രമുള്ള രേഖയാണത്. ഇപ്പോള്‍ അതിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതല്‍ പറയുന്നത് ഉചിതമായിരിക്കില്ല.

നാഗാലാന്‍ഡില്‍ ബിജെപിക്ക് എത്രത്തോളം സാധ്യതയുണ്ട്?

നാഗാലാന്‍ഡിലെ അടുത്ത സര്‍ക്കാരില്‍ ബിജെപി പ്രധാന പങ്കാളിയാകുമെന്ന് എനിക്കുറപ്പുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ വിജയം നേടാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ഈയിടെ ഉണ്ടായ കന്നുകാലിവധ നിരോധനവും മറ്റുചില വിഷയങ്ങളും ബിജെപിക്കു ആദ്യമേയുള്ള ഒരു പ്രതിഛായയെ ഊട്ടിയുറപ്പിച്ചിരിക്കുന്നു. നാഗാലാന്‍ഡിലെ ബിജെപിയുടെ പദ്ധതി എങ്ങനെയാണ്?

നാഗാലാന്‍ഡിലെ ജനങ്ങളുടെ മികച്ച പിന്തുണ ബിജെപിക്കുണ്ട്. 2008 ല്‍ ഞങ്ങള്‍ക്കിവിടെ ഏഴ് എംഎല്‍എമാരുണ്ട്. നിലവില്‍ നാല് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്ന ഞങ്ങളുടെ മുദ്രാവാക്യം അവര്‍ ഏറ്റെടുത്തിട്ടുണ്ട്. അഴിമതിരഹിത ഭരണവും വികസനവും സമാധാനവുമാണ് ജനങ്ങളുടെ ആശകള്‍. ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളും ഇവതന്നെയാണ്.

ഇപ്പോഴത്തെ സര്‍ക്കാരിലും ബിജെപി പങ്കാളിയാണ്. എന്നിട്ടും ജനങ്ങളുടെ ആശകള്‍ സാധിച്ചുകൊടുക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടാണ്?

ഞങ്ങള്‍ ജൂനിയര്‍ പങ്കാളിയാണ്. ശക്തമായ ബിജെപി സാന്നിധ്യമുള്ള സര്‍ക്കാരിനേ ലക്ഷ്യപൂര്‍ത്തീകരണത്തിനു സാധിക്കൂ.

ബിജെപിക്കു ശക്തമായ പിന്തുണ ഉണ്ടെന്നു താങ്കള്‍ പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ഒറ്റക്കു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാത്തത്?

നാഗാലാന്‍ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക വികാരങ്ങളും മാനിക്കപ്പെടേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ശക്തമായ ജനപിന്തുണ ഉണ്ടെന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും പ്രാദേശിക കക്ഷിയോടൊപ്പം നിന്ന് ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കാന്‍ കുറച്ചുകൂടി നന്നായി സാധിക്കുമെന്നു ഞങ്ങള്‍ കരുതുന്നു.

കോണ്‍ഗ്രസിനെ എങ്ങനെ വിലയിരുത്തുന്നു?

നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് പരിഗണിക്കപ്പെടേണ്ട ശക്തിയേയല്ല. നാഗാലാന്‍ഡ് രാഷ്ട്രീയം പ്രാദേശിക കക്ഷികളായ എന്‍പിഎഫിന്റെയും എന്‍ഡിഡിപിയുടെയും നേതൃത്വത്തില്‍ ഇരുധ്രുവങ്ങളിലായി നില്‍ക്കുകയാണ്. ബഹുജനപിന്തുണയുള്ള മൂന്നാം കക്ഷിയായി ബിജെപി ശക്തമായിതന്നെ രംഗത്തുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.