തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ക്ഷേത്ര സന്ദര്‍ശനം

Monday 12 February 2018 2:00 am IST

 

ചെങ്ങന്നൂര്‍:   സിപിഎം ജില്ലാ നേതാവ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന് ആക്ഷേപം. സിപിഎം ജില്ലാ സെക്രട്ടറി സജിചെറിയാനാണ് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനൊപ്പം ക്ഷേത്രത്തിന്റെ വികസനം ചര്‍ച്ചചെയ്യാന്‍ എത്തിയത്. 

  ഇടതു സ്ഥാനാര്‍ത്ഥിയാകാന്‍  സജി ചെറിയാന്‍ ശ്രമിക്കുന്നതായി പ്രചാരണമുണ്ട്. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തെയും ഭക്തരെയും അവഗണിക്കുകയും, വിശ്വാസികളെ അവഹേളിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സിപിഎം നേതാക്കള്‍ ഇപ്പോള്‍ നടത്തുന്ന ക്ഷേത്രസന്ദര്‍ശനം കാപട്യമാണെന്ന് വിമര്‍ശനം ഉയരുന്നു.

  അയ്യപ്പ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച 25 ലക്ഷം രൂപ നേടിയെടുക്കാന്‍ കഴിഞ്ഞത് അയ്യപ്പ സേവാസമാജവും, ഹിന്ദുഐക്യവേദിയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ സമരത്തിനൊടുവിലാണ്. ശബരിമല ഇടത്താവളങ്ങളുടെ വികസനത്തിനായി തുക അനുവദിച്ച് സര്‍ക്കാര്‍ ഇറക്കിയ പട്ടികില്‍ ചെങ്ങന്നൂരിന്റെ പേരുപോലും പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് ഹൈന്ദവ സംഘടനകളുടെ സമരഫലമായിട്ടാണ് തീര്‍ത്ഥാടനത്തിന്റെ അവസാന ഘട്ടത്തിലെങ്കിലും തുക ലഭ്യമാക്കിയത്. 

  വര്‍ഷങ്ങളായി നടക്കുന്ന ശബരിമല അവലോകന യോഗങ്ങളില്‍ തിരിഞ്ഞു നോക്കാത്ത നേതാവിനാണ് ഇപ്പോള്‍ വിശ്വാസികളോടും, ക്ഷേത്രത്തോടും താല്‍പ്പര്യം തോന്നി തുടങ്ങിയത്.  ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ ചുറ്റമ്പലവും, വിളക്കുമാടവും ഉള്‍പ്പെടെയുള്ളപല ഭാഗങ്ങളും ജീര്‍ണ്ണാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. ഇക്കാര്യം ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡിനെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളെയും അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല.പല തവണ ഇതിനായി പദ്ധതി തയ്യാറാക്കുകയും അംഗീകാരം നേടുകയും ചെയ്തിരുന്നു.

  എന്നാല്‍ ദേവസ്വം പ്രസിഡന്റിനോടൊപ്പം ചേര്‍ന്ന് ക്ഷേത്ര നവീകരണ പ്രവര്‍ത്തനത്തിനായി  സിപിഎം ജില്ലാ സെക്രട്ടറിയുടെ സന്ദര്‍ശനം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്നാണ് ആക്ഷേപമുയരുന്നത്.