കിം ജോങ്ങിന്റെ സഹോദരി ദക്ഷിണകൊറിയയില്‍ താരമാവുന്നു

Monday 12 February 2018 2:50 am IST

സിയോള്‍: ക്രൂരനും രക്തദാഹിയുമായ സഹോദരന് ഇങ്ങനെയൊരു സഹോദരിയോ? അതോ ആ സഹോദരനെക്കുറിച്ച് ഇത്രനാള്‍ കേട്ടതില്‍ പലതും വെറുതെയായിരുന്നോ? ഇങ്ങനെ ചിലതു ചോദിക്കണം ദക്ഷിണ കൊറിയയിലെ മാധ്യമങ്ങളും ജനങ്ങളും എന്നു കണക്കു കൂട്ടിത്തന്നെയായിരുന്നു ആ നീക്കം. അതു ഫലിച്ചു. 

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഇപ്പോള്‍ ദക്ഷിണകൊറിയയിലെ താരമായിരിക്കുന്നു. ശൈത്യകാല ഒളിംപിക്‌സിനുള്ള ഉത്തര കൊറിയന്‍ ടീമിനെ അനുഗമിക്കുന്നു എന്ന വ്യാജേന യോ ജോങ്ങിനെ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലേക്ക് അയയ്ക്കുമ്പോള്‍ ഉന്നിന്റെ ഉന്നം മറ്റൊന്നായിരുന്നു, മഞ്ഞുരുക്കല്‍. ദക്ഷിണ കൊറിയയുമായി നേരിട്ട് ഏറ്റുമുട്ടി സര്‍വനാശത്തിന് താന്‍ ഒരുക്കമല്ല എന്ന സന്ദേശം ലോകത്തെത്തന്നെ അറിയിക്കല്‍. 

ഉന്നിന്റെ പ്രതിനിധി എന്ന നിലയില്‍ത്തന്നെയാണ് യോ ജോങ് സിയോളില്‍ എത്തിയത്. ദക്ഷിണകൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ സന്ദര്‍ശിച്ച് സഹോദരന്റെ കത്ത് കൈമാറി. ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള ക്ഷണമായിരുന്നു ആ കത്തില്‍. സന്ദര്‍ശനം എത്രയും പെട്ടെന്നായാല്‍ അത്രയും നന്ന് എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

മുത്തച്ഛനും അച്ഛനും ഇപ്പോള്‍ സഹോദരനും സൃഷ്ടിച്ച പ്രതിച്ഛായയില്‍ നിന്ന് ഉത്തരകൊറിയയെ മോചിപ്പിക്കാനുള്ള നീക്കത്തിന് ചെറിയ ഫലമുണ്ടായെന്നു കരുതാവുന്ന തരത്തിലാണ് ദക്ഷിണകൊറിയന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഒരു ഭരണാധികാരിയുടെ സഹോദരി എന്ന ഭാവമൊന്നുമില്ലാതെ യോ ജോങ് പെരുമാറുന്നതും മറ്റും മാധ്യമങ്ങള്‍ ആഘോഷിക്കുന്നു.

കൊറിയ ടൈംസിന്റെ മാനേജിങ് എഡിറ്റര്‍ ഓ യൗങ് ജിന്‍ തന്റെ പതിവു കോളത്തില്‍ ഇങ്ങനെ എഴുതുന്നു, ഉത്തര കൊറിയയ്ക്ക് ജനകീയ ഭാവം നല്‍കുന്ന തരത്തില്‍ നോക്കുമ്പോള്‍ യോ ജോങ്ങിന്റെ സന്ദര്‍ശനം വിജയിച്ചു എന്നു തന്നെ പറയാം. മൂത്ത സഹോദരനേയും അമ്മാവനേയും വരെ വധിച്ച ഏകാധിപതിയുടെ സഹോദരി എന്ന നിലയിലല്ല യോ ജോങ്ങിന്റെ പ്രതിച്ഛായ. ഇനിയുള്ള ഉത്തര കൊറിയയുടെ നയതന്ത്ര നീക്കങ്ങളിലും യോ ജോങ്ങിന് ക്രിയാത്മകമായി പലതും ചെയ്യാനുണ്ടെന്ന് ഈ സന്ദര്‍ശനം തെളിയിക്കുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.