പര്‍ദ ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കേണ്ട: സൗദി നേതാവ്

Monday 12 February 2018 2:50 am IST

സൗദി: പര്‍ദ ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സൗദി ഭരണകൂട നേതാവും മതവിഭാഗ അംഗവുമായ ഷെയ്ഖ് അബ്ദുല്ല അല്‍- മുത്‌ലാഖ്. നിയമങ്ങള്‍ ഇതാവശ്യപ്പെടുന്നുണ്ടെങ്കിലും വനിതകളെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഇത്. പര്‍ദ്ദയും സ്‌കാര്‍ഫും ധരിച്ചു മാത്രമേ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ എത്താന്‍ പാടുള്ളൂവെന്നാണ് സൗദി നിയമം. 

ലോകത്തിലെ മുസ്ലീം വനിതകളില്‍ വിശ്വാസികളായ 90 ശതമാനം പേരും അബ്ബയാസ് (പര്‍ദ്ദ) ധരിക്കാറില്ല. അതിനാല്‍ ഈ വസ്ത്രം ധരിക്കാന്‍ നമ്മള്‍ അവരെ നിര്‍ബന്ധിക്കേണ്ടതില്ല, റേഡിയോ പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്ത്രധാരണത്തില്‍ ഭരണകൂടത്തിനുള്ള കര്‍ശനമായ നിയമങ്ങള്‍ക്ക് അയവുവരുമെന്നാണ് ഇതോടെ പ്രതീക്ഷിക്കുന്നത്.

സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുമെന്ന ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെയാണ് വസ്ത്രധാരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങിനുള്ള അവകാശം നല്‍കുമെന്ന് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജാവ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ആദ്യമായാണ് വാഹനമോടിക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് സൗദി നല്‍കുന്നത്. സ്‌റ്റേഡിയങ്ങളിലെയും തിയറ്ററുകളിലെയും വിലക്കു നീക്കുമെന്ന് റിയാദും അറിയിച്ചിരുന്നു.

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ആദ്യഘട്ടത്തിലെ നിയമ നവീകരണമെന്നാണ് വിലയിരുത്തല്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ടുവെച്ച ആശയമാണ് ഇത്. 2030 ആകുമ്പോഴേക്കും യാഥാസ്ഥിതിക സമ്പ്രദായങ്ങളില്‍ നിന്നുമാറി സാമൂഹ്യമായും സാമ്പത്തികമായും സൗദിയെ നവീകരിക്കുകയാണ് ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.