രജനിയുടെ രാഷ്ട്രീയത്തിന് കാവി ബന്ധം; സഖ്യസാധ്യതയില്ല: കമല്‍

Monday 12 February 2018 2:51 am IST

ചെന്നൈ: രജനികാന്തിന്റേത് കാവിബന്ധമുള്ള രാഷ്ട്രീയമാണെന്നും സഖ്യ സാധ്യതയില്ലെന്നും കമല്‍ ഹാസന്‍. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ തന്റെ പുതിയ വെബ്‌സൈറ്റ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ രാഷ്ട്രീയം തീര്‍ച്ചയായും കാവിയായിരിക്കില്ല. നല്ല സുഹൃത്തുക്കളാണെങ്കിലും ഇരുവരുടെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും കമല്‍ പറഞ്ഞു. 

പാര്‍ട്ടികളുടെ ലക്ഷ്യത്തിലും ഇരുവരുടെയും ചിന്തകളിലും ആശയങ്ങളിലും സമാനതകളുണ്ടെന്ന് ബോധ്യമായാല്‍ സഖ്യമുണ്ടാക്കുവാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇരുവര്‍ക്കും ഇടയില്‍ ധാരണകളൊന്നുമില്ല. എന്നാല്‍ ആവശ്യമെങ്കില്‍ മറ്റുള്ളവരുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ അത് ജനങ്ങളുടെ തീരുമാനമാണ്. അങ്ങനെ വന്നാല്‍ പ്രതിപക്ഷത്ത് നില്‍ക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. നിലവിലുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കൊപ്പവും ചേരാന്‍  ആഗ്രഹിക്കുന്നില്ല അതിനാലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. 

എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപീകരിച്ചിരിക്കുന്നതെന്നും ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, കൃഷി, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും വ്യക്തമാക്കി. തമിഴ് നാട്ടിലെ എല്ലാ ജില്ലകളില്‍ നിന്നും ഒരു ഗ്രാമത്തെ ദത്തെടുത്ത് ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമമാക്കിത്തീര്‍ക്കുമെന്നും ഹാര്‍വാര്‍ഡിലെ വാര്‍ഷിക ഇന്ത്യന്‍ കോണ്‍ഫ്രന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തുന്നതിനിടെ അദ്ദേഹം പ്രഖ്യാപിച്ചു. 

ലൗ ജിഹാദുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സ്‌നേഹം വെറുപ്പിനെ ഇല്ലാതാക്കും എന്നായിരുന്നു  കമലിന്റെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.