രാജസ്ഥാനല്ല, സ്വര്‍ണസ്ഥാന്‍

Sunday 11 February 2018 10:22 pm IST

ജയ്പൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ളത് രാജസ്ഥാനിലെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് 11.48 കോടി ടണ്ണിന്റെ നിക്ഷേപമുണ്ടെന്നാണ് ആദ്യഘട്ട പരിശോധനയിലെ വിലയിരുത്തല്‍. ബന്‍സ്വാരയിലും ഉദയ്പൂരിലുമാണ് ഏറ്റവുമധികം നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 

ഭൗമോപരിതലത്തില്‍ നിന്നും മുന്നൂറ് അടി താഴ്ചയില്‍ സ്വര്‍ണമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ)യുടെ ഡയറക്ടര്‍ ജനറല്‍ എന്‍. കുതുമ്പ റാവു പറഞ്ഞു. ചെമ്പിന്റെ അംശങ്ങളും ഇവിടെയുണ്ടാകും. സൂക്ഷ്മപരിശോധനകള്‍ പുരോഗമിക്കുകയാണ്. സിഖര്‍ ജില്ലയിലെ നീം കാ താനയിലാണ് പരിശോധനകള്‍.