ഫോര്‍ട്ട്‌കൊച്ചിയിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചില്ല

Monday 12 February 2018 2:00 am IST

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ നഗരസഭ കണ്ടെത്തിയ ഇരുപതോളം വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇനിയും നടപടിയായില്ല. 2012ല്‍ കയ്യേറ്റങ്ങള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് അന്നത്തെ നഗരസഭ ഫോര്‍ട്ട്‌കൊച്ചി മേഖല അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഒഴിപ്പിക്കല്‍ നടന്നില്ല. അതേസമയം ഫോര്‍ട്ട്‌കൊച്ചിയിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കല്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇരുപതോളം കയ്യേറ്റങ്ങളാണ് നഗരസഭ കണ്ടെത്തിയത്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലേണിംഗ് സെന്റര്‍, ഫോര്‍ട്ട് ഹെറിറ്റേജ് ഹോട്ടല്‍, ഹോളിഡേ ഹോം, ഫാബ് ഇന്ത്യ, ദി മ്യൂസിയം കമ്പനി, മലബാര്‍ ഹൗസ്, ആര്‍ക്കീസ് ഹോട്ടല്‍, ഹെറിറ്റേജ് സ്‌ക്വയര്‍, റോസിറ്റ വുഡ് കാസില്‍, എക്‌സ്.എല്‍.ബാര്‍, ഫോര്‍ട്ട് കാസില്‍, ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടല്‍, വാസ്‌ക്കോഡ ഗാമ ഇന്‍, ഡി ലിപ്‌സ് മാംഗോ ട്രീ, പാരഡൈസ്, ഷാലോം, ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കോട്ടേജ് ആര്‍ട്ട് എംപോറിയം, ഓള്‍ഡ് കോര്‍ട്ട് യാര്‍ഡ് എന്നീ സ്ഥാപനങ്ങളാണ് റോഡ് കയ്യേറിയതായി നഗരസഭ കണ്ടെത്തിയത്. 

ചെറുകിട കച്ചവടക്കാരുടെ പരാതിയെ തുടര്‍ന്നാണ് അന്ന് നഗരസഭ കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ഉന്നതങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തി വെക്കുകയായിരുന്നു. ഇതിനിടയില്‍ വഴിയോര കച്ചവടക്കാരെ പല തവണ വന്‍ സന്നാഹത്തോടെ അധികൃതര്‍ ഒഴിപ്പിച്ചു. 

ഒരു തവണ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അന്നത്തെ റവന്യൂ അധികൃതര്‍ ശ്രമിച്ചെങ്കിലും ഇടപെടലുകളെ തുടര്‍ന്ന് പാതി വഴിയില്‍ ഉപേക്ഷിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന വേളകളില്‍ വന്‍കിട കയ്യേറ്റങ്ങള്‍ സംബന്ധിച്ച പരാതി ഉയര്‍ന്നു വരുമെങ്കിലും അധികൃതര്‍ ശ്രദ്ധിക്കാറില്ല. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.