ജില്ലാ കൃഷിത്തോട്ടത്തില്‍ മാലിന്യ സംസ്‌കരണത്തിന് നീക്കം

Monday 12 February 2018 2:00 am IST
ജില്ലാ കൃഷിത്തോട്ടത്തിന്റെ ഭൂമിയില്‍ മാലിന്യസംസ്‌കരണ പ്ലാന്റും റബ്ബര്‍പാര്‍ക്കും സ്ഥാപിക്കാന്‍ നീക്കം തുടങ്ങി.

 

കുറവിലങ്ങാട്:  ജില്ലാ കൃഷിത്തോട്ടത്തിന്റെ ഭൂമിയില്‍ മാലിന്യസംസ്‌കരണ പ്ലാന്റും റബ്ബര്‍പാര്‍ക്കും സ്ഥാപിക്കാന്‍ നീക്കം തുടങ്ങി. നാടെങ്ങും ഹരിത കേരള പദ്ധതിയുടെ പേരില്‍ ജൈവകൃഷി പരിപാടികള്‍ കൃഷി വകുപ്പ് കൊട്ടിഘോഷിച്ച് സംഘടിപ്പിക്കുമ്പോഴാണ് കൃഷിവകുപ്പിന്റെ സ്വന്തം ഭൂമിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് ആക്ഷേപം. പ്ലാന്റിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരപ്രഖ്യാപന സമ്മേളനം നടത്തി. 

  കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കലിന് ചുമതലയുളള ജില്ലയിലെ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ കൃഷിത്തോട്ടത്തില്‍ വ്യേമസര്‍വേ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആക്ഷന്‍ കൗണ്‍സലിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ തീരുമാനമെടത്തത്. ജില്ലാ ഫാമില്‍  വിത്തുല്‍പാദനത്തിന് ഉപയോഗിച്ചുവരുന്ന മുപ്പത്തിയഞ്ച് ഏക്കറോളം വരുന്ന ഭൂമിയിലാണ് ഹെലികാം ഉപയോഗിച്ച് സര്‍വേ നടത്തിയത്.  

സയന്‍സ് സിറ്റിയോട് ചേര്‍ന്നുളള എം.സി റോഡിന്റെ കിഴക്ക് പ്രദേശം പൂര്‍ണമായും ഉള്‍പ്പെടുത്തി രണ്ട് മണിക്കൂറുകൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.മാലിന്യസംസ്‌ക്കരണ പ്ലാന്റും റബര്‍ പാര്‍ക്കും ജില്ലാകൃഷിത്തോട്ടത്തില്‍ സ്ഥാപിച്ചാല്‍ കുറവിലങ്ങാടിന് പുറമെ ഞീഴൂര്‍, മരങ്ങാട്ടുപിളളി പഞ്ചായത്തുകളിലെ ജനജീവിതവും ദുസഹമാകും.

    സംസ്ഥാനത്തെ കൃഷിഭവനുകളിലേക്ക് മേല്‍ത്തരം വിത്തുകള്‍ ഉല്‍പാദിപ്പിച്ച് നല്‍കുന്ന ജില്ലാ കൃഷിത്തോട്ടം കാര്‍ഷിക മേഖലയുടെ ആവശ്യമാണ്.  ദക്ഷിണേന്ത്യയിലെ പ്രഥമ സയന്‍സ് സിറ്റിയും ജില്ലാ കൃഷിത്തോട്ടത്തിന് സമീപത്താണ് .മാലിന്യസംസ്‌ക്കരണ പ്ലാന്റും റബര്‍ പാര്‍ക്കും സ്ഥാപിതമായാല്‍ ഇവയുടെ നിലനില്‍പ് തന്നെ അപകടത്തിലാവും.  ദൂരവ്യാപകമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യ നിക്ഷേപത്തെയും റബര്‍ പാര്‍ക്കിനുമെതിരെയുളള ജനവികാരം മനസ്സിലാക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.  സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.  തിങ്കളാഴ്ച  നടക്കുന്ന സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോജോ ആളോത്ത് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.