ആറളം ഫാമില്‍ കാട്ടാന തൊഴിലാളികളുടെ ഷെഡ് തകര്‍ത്തു: തെങ്ങും കളുമാവും കുത്തിവീഴ്ത്തി

Sunday 11 February 2018 5:00 pm IST

 

ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാനയുടെ വളയാട്ടം. ഫാമിലെ 4, 8 ബ്ലോക്കുകളിലാണ് ആനക്കൂട്ടം കനത്ത നാശം വരുത്തിയത്. ഫാമിലെ തൊഴിലാളികള്‍ വിശ്രമിക്കാനും ഭക്ഷണം കഴിക്കുന്നതിനുമായി ഒരുക്കിയ ഷെഡ് ആനക്കൂട്ടം തകര്‍ത്തു. കഴിഞ്ഞ രാത്രിയാണ് അഞ്ചോളം ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തിയത്. നാലാംബ്ലോക്കിലെ രണ്ട് തെങ്ങുകള്‍ കുത്തിവീഴ്ത്തിയ ആനക്കൂട്ടം എട്ടാംബ്ലോക്കിലെ പത്തോളം കശുമാവുകളും നശിപ്പിച്ചു. ആനയെപേടിച്ച്് കശുവണ്ടി ശേഖരിക്കാന്‍ തൊഴിലാളികള്‍ മടികാണിക്കുകയാണ്. 

ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമിന്റെ അധീനതയില്‍ എത്തിയിരിക്കുന്നത്. കാട്ടാനയുടേയും കുരങ്ങിന്റെയും ശല്യം കാരണം തെങ്ങില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരികയാണ്. കുരങ്ങുശല്യം നിയന്ത്രിക്കുന്നതിനായി ഫാമിലെ ഒന്ന്, രണ്ട് ബ്ലോക്കുകളിലെ തെങ്ങുകള്‍ അടുത്തിടെയാണ് ലോലത്തിന് നല്‍കിയത്.ആനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം ഒന്നും നടക്കുന്നില്ല. 

 മൂന്ന് മാസത്തിനിടയില്‍ ഫാമില്‍ നിന്നും ഇരുന്നൂറിലധികം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം നട്ടം തിരിയുന്ന ഫാമിന് കാട്ടാനകളുടെ വിളയാട്ടവും വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പ്രതിവര്‍ഷം രണ്ട് കോടിയിലധികം രൂപയുടെ വരുമാനം തെങ്ങില്‍ നിന്നും ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒന്നരക്കോടി പോലും ലഭിക്കാത്ത അവസ്ഥയാണ്. 15 ഉം 20 വര്‍ഷം പ്രായമായ തെങ്ങുകാളാണ് നശിപ്പിക്കുന്നവയില്‍ ഏറിയഭാഗവും. ആനക്കൂട്ടം കടയ്ക്കല്‍ ചവിട്ടയാണ് തെങ്ങിനെ വീഴ്ത്തുന്നത്. തെങ്ങിന്റെ മധുരരസമുള്ള കൂമ്പും അല്‍പ്പം തളിര് ഓലയും തിന്നശേഷം അടുത്തുള്ള തെങ്ങിനടുത്തേക്ക് നീങ്ങുകയാണ്. ആഴ്്ച്ചയില്‍ പത്തും പതിനഞ്ചും തെങ്ങുകളാണ് നശിപ്പിക്കുന്നത്. വന്യജീവി സങ്കേതത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുക എന്നതും സഹസികമായ പ്രവ്യത്തിയാണ്.വനം വകുപ്പിന്റെ ശക്തമായ ഇടപെടലുകള്‍കൊണ്ട് മാത്രമേ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കനാവുമെന്നാണ് ഫാം അധികൃതര്‍ പറയുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.