സിപിഐ ജില്ലാ സമ്മേളനം : സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് പ്രമേയം

Sunday 11 February 2018 10:42 pm IST

 

കണ്ണൂര്‍: ഇരിട്ടിയില്‍ നടന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം. സിപിഎം ജില്ലാ നേതൃത്വം ശക്തമായി എതിര്‍ത്ത തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ അനുകൂലിച്ച് സമ്മേളനത്തില്‍ പ്രമേയവും പാസാക്കി. 

ജില്ലയില്‍ അക്രമങ്ങളിലും കൊലപാതകങ്ങളിലും ഭാഗബാക്കാകുന്ന സിപിഎം സംയമനവും ജാഗ്രതയും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കണമെന്ന് സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ദേശീയ പാത ബൈപ്പാസിനായി കീഴാറ്റൂരിലെ നെല്‍ വയല്‍ ഏറ്റെടുത്ത് നികത്താനുളള നീക്കത്തിനെതിരായ സമരത്തെ അനുകൂലിച്ചു കൊണ്ട് സിപിഐ എടുത്ത നിലാപടിനേ വിമര്‍ശിച്ച സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം സമ്മേളന പ്രതിനിധികളില്‍ നിന്നും ഉയര്‍ന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ നാല് വരിപ്പാത നിര്‍മ്മാണത്തിനും റോഡ് വികസനത്തിനും നെല്‍വയല്‍ ഏറ്റെടുത്ത് കുന്നുകളിടിച്ച് മണ്ണിട്ട് നിരപ്പാക്കി പ്രസ്തുത നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ തകിടം മറിക്കുകയാണെന്ന് ചില പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ വ്യക്തമാക്കുന്നതായി സമ്മേളനം വിലയിരുത്തി. റോഡ് വികസനത്തിന്റെ പേരില്‍ കിലോമീറ്ററുകളോളം നെല്‍വയല്‍ മണ്ണിട്ട് നികത്തുന്നതിന് പകരം അത്യാവശ്യമായവ ഏറ്റെടുക്കാനും ഫ്‌ളൈ ഓവറുകള്‍ സ്ഥാപിച്ച്, നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കുന്നുകളിടിച്ച് ശേഖരിക്കുന്ന മണ്ണ് കൊണ്ട് നികത്താനുപയോഗിക്കുന്നതും ഒഴിവാക്കാനും ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം മുഖവിലക്കെടുക്കാനും ഭരണാധികാരികള്‍ തയ്യാറാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയുടെ വികസന പുരോഗതി മുരടിച്ചിരിക്കുകയാണെന്നും ജില്ലയുടെ സമസ്ത മേഖലകളിലും വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ശക്തമായ നടപടികളുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് ഭരണത്തിലേറി രണ്ട് വര്‍ഷം കഴിയുമ്പോഴും ജില്ല വികസന മുരടിപ്പലാണെന്ന പ്രമേയത്തിലൂടെ സിപിഐ ഭരണപോരായ്മ സ്വയം സമ്മതിക്കുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.