പയറ്റിയാലില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറി അടച്ചുപൂട്ടാന്‍ ഉത്തരവ്

Sunday 11 February 2018 10:43 pm IST

 

ചേപ്പറമ്പ്: ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ പയറ്റിയാലില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജിയോളജി വകുപ്പിന്റെയും ഉത്തരവ്. ഹിന്ദു ഐക്യവേദി ശ്രീകണ്ഠാപുരം മേഖലാ കമ്മറ്റി 2016 ഡിസംബറില്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് നടപടി. 

എറണാകുളം കിഴക്കന്‍മല സ്വദേശിയായ പീറ്റര്‍ ജോസഫിന്റെ പേരിലുള്ള പയറ്റിയാലിലെ സ്ഥാപനത്തിനാണ് സ്റ്റോപ്പ് മെമ്മോ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

പീറ്റര്‍ ജോസഫിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 60 ഏക്കറിലധികം വരുന്ന സ്ഥലത്ത് ആദിവാസികളുടെ അതിപുരാതനമായ ശ്രീ ആലോറ ദേവസ്ഥാനം സ്ഥിതിചെയ്യുന്നുണ്ടെന്നും ക്വാറി മാഫിയകളുടെ ഖനനം കാരണം ദേവസ്ഥാനത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

റീസര്‍വേ 25/1 എയിലെ 6.50 ഏക്കര്‍ സ്ഥലത്താണ് പീറ്റര്‍ ജോസിന് ഖനനാനുമതിയുള്ളത്. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് റീസര്‍വ്വേ 28 ലെ ദേവസ്ഥാനം സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ 20 ഏക്കറിലധികം സ്ഥലത്ത് കഴിഞ്ഞ ആരു വര്‍ഷക്കാലമായി നിര്‍ബാധം ഖനനം നടത്തിവരികയായിരുന്നു. റവന്യൂ, മുനിസിപ്പല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഈ രീതിയില്‍ ഖനനം നടത്തുന്നത്. ഹിന്ദു ഐക്യവേദി ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 15 ന് തളപ്പറമ്പ് താലൂക്ക് സര്‍വ്വേയര്‍ ടോട്ടല്‍ സ്റ്റേഷന്‍ മെഷീന്‍ വെച്ച് നടത്തിയ സര്‍വ്വേയിലാണ് അനധികൃത ഖനനം കണ്ടെത്തിയത്.

ചെമ്പേരിക്കടുത്ത പയറ്റിയാലില്‍ റോഡില്‍ നിന്നും 250 അടി ഉയരത്തിലാണ് ശ്രീ അലോറ ദേവസ്ഥാനം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ എത്രയും വേഗം സ്ഥലം സന്ദര്‍ശിക്കണമെന്നും ക്വാറിക്ക് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി നല്‍കിയ വ്യാപാര ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി ഹരികൃഷ്ണന്‍ ആലച്ചേരി ആവശ്യപ്പെട്ടു.

പോലീസും സിപിഎമ്മുകാരും ചേര്‍ന്ന് പൊറോറയില്‍ സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.