ഡോക്ടര്‍മാരില്ല: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ നെട്ടോട്ടത്തില്‍

Sunday 11 February 2018 10:43 pm IST

 

കണ്ണൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ നെട്ടോട്ടത്തില്‍. ആവശ്യത്തിന് ഫിസിഷ്യന്‍മാരില്ലാത്തതാണ് രോഗികളെ ദുരിതത്തിലാക്കുന്നത്. നല് ഫിസിഷ്യന്‍മാര്‍ വേണ്ടിടത്ത് ഇപ്പോള്‍ രണ്ടുപേരാണുള്ളത്. ഇതില്‍ ഒരാള്‍ അവധിയെടുത്താല്‍ ഒപിയിലെത്തുന്ന രോഗികളെയും ആശുപത്രിയിലെ കിടപ്പുരോഗികളെയും നോക്കേണ്ട ചുമതല ഒരു ഡോക്ടര്‍ക്കാരും. ഇതുമൂലം ഒപി തടസ്സപ്പെടുന്നതും പതിവാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിനംപ്രതി അഞ്ഞൂറോളം രോഗികള്‍ ഫിസിഷ്യനെ കാണാനായി ജില്ലാ ആശുപത്രിയിലെത്തുന്നുണ്ട്. ആശുപത്രിയിലെത്തുമ്പോഴാണ് ഒപിയില്‍ ഡോക്ടര്‍ ഇല്ലെന്ന വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് ചിലര്‍ ജനറല്‍ ഒപിയിലുള്ള ഡോക്ടര്‍മാരെ കണ്ട് മടങ്ങും. മറ്റുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാല്ലാതെ മറ്റു വഴികളില്ല.

ഫിസിഷ്യന്‍ ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ട രോഗികള്‍ ചിലപ്പോള്‍ ഇഎന്‍ടി, കണ്ണ്, സര്‍ജന്‍ തുടങ്ങിയ മറ്റ് ഡോക്ടര്‍മാരെ കണ്ട് താല്‍ക്കാലിക ആശ്വാസം നേടുകയാണ്. സ്ത്രീരോഗികളാകട്ടെ എല്ലാ രോഗങ്ങള്‍ക്കും ഗൈനക്കോളജി ഡോക്ടര്‍മാരെയാണ് ആശ്രയിക്കുന്നത്. ഇത്തരം എംഡി ഡോക്ടര്‍മാര്‍ക്ക് ഇതുകാരണം തിരക്കേറിവരുന്നതും ബുദ്ധിമുട്ടിന് കാരണമാകുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് കോടതി ഡ്യൂട്ടിയും മെഡിക്കല്‍ ക്യാമ്പുകളും മറ്റും ഉണ്ടാകുമ്പോള്‍ ഒപി തന്നെ നിര്‍ത്തിവെക്കുക പതിവാണ്. ദിവസം ശരാശരി 250  നും 500 നും ഇടയില്‍ രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. ഇതുകൂടാതെ കിടന്ന് ചികിത്സ തേടുന്നവരും ഏറെയുണ്ട്. ഇവരെയെല്ലാം ശുശ്രൂഷിക്കാനായി രണ്ട് ഡോക്ടര്‍മാര്‍ പെടാപ്പാട് പെടുകയാണ്. 

ശസ്ത്രക്രിയ നടത്തേണ്ട രോഗികള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ചുമതലയും ഫിസിഷ്യന്‍മാര്‍ക്കാണുള്ളത്. ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഇല്ലാത്തതിനാല്‍ അടിയന്തിര സാഹചര്യങ്ങളിലും ഫിസിഷ്യന്മാരുടെ സഹായം വേണ്ടിവരും. ഇതുകൊണ്ടുതന്നെ 24 മണിക്കൂറും ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ള ഡോക്ടര്‍ക്കുള്ളത്.

ആരോഗ്യവകുപ്പ് മന്ത്രിയുടെ ജില്ലയിലെ ആശുപത്രിയുടെ ഈ ശോചനീയാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ നിരവധി തവണ പെടുത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. സിപിഎം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രികളെ സഹായിക്കാനാണ് ഇത്തരത്തില്‍ അലംഭാവം കാട്ടുന്നതെന്നും പരാതിയുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.