പാനൂര്‍ അക്രമം : സമാധാനശ്രമങ്ങള്‍ക്ക് സിപിഎം വിലകല്‍പ്പിക്കുന്നില്ലെന്നതിന് തെളിവ്: ആര്‍എസ്എസ്

Sunday 11 February 2018 10:44 pm IST

 

പാനൂര്‍: സമാധാനശ്രമങ്ങള്‍ക്കു സിപിഎം വിലകല്‍പ്പിക്കുന്നില്ലെന്ന് ആര്‍എസ്എസ്. വളള്യായില്‍ കല്ല്യാണ വീട്ടില്‍ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ നടത്തിയ അക്രമവും തുടര്‍ന്ന് പാത്തിപാലത്ത് ബിജെപി പ്രവര്‍ത്തകരെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചതും അപലപനീയവും പ്രതിഷേധകരവുമാണെന്ന് ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് കാര്യകാരി പ്രസ്താവനയില്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് പാത്തിപാലത്ത് നിന്നും പ്രവീണ്‍ എന്ന സിപിഎം ക്രിമിനലിന്റെ നേതൃത്വത്തില്‍ സായുധസംഘം കല്ല്യാണവീട്ടിലെത്തി അക്രമം നടത്തുന്നത്. തലക്കു സാരമായി പരിക്കേറ്റ നാലു ബിജെപി പ്രവര്‍ത്തകര്‍ തലശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരുടെ പ്രതിരോധത്തിലാണ് അക്രമികള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്നാണ് നിരപരാധികളായ സഹോദരങ്ങളെ പാത്തിപ്പാലത്തെ വീട്ടില്‍ക്കയറി ക്രൂരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ഇരുവരും സാരമായ പരിക്കുകളോടെ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഈ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഎം അക്രമികളെ ഇറക്കിവിട്ട നേതാക്കള്‍ക്കെതിരെയും പോലീസ് അന്വേഷണം നടത്തണം. കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ നിന്നും ടയര്‍ കടയില്‍ ജോലി ചെയ്യാന്‍ വന്നവരെ അക്രമിച്ചതും പാത്തിപാലത്തെ ക്രിമിനല്‍ സംഘങ്ങളാണ്. പോലീസ് നടത്തുന്ന സമാധാന ഇടപെടല്‍ ആത്മാര്‍ത്ഥമാകണമെന്നും ആര്‍എസ്എസ് കാര്യകാരി അഭിപ്രായപ്പെട്ടു. 

ജില്ലയിലെ സമാധാനശ്രമങ്ങളെ പച്ചനുണ പ്രചരിപ്പിച്ച് വക്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വളള്യായില്‍ നടന്ന അക്രമസംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും  കുറ്റക്കാര്‍ക്കെതിരെ നടപടി വൈകരുതെന്നും കാര്യകാരി യോഗം ചൂണ്ടിക്കാട്ടി. ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.പി.ശ്രീജേഷ്, കെ.പി.ജിഗീഷ്, കെ.അദീഷ്, സി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.