ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം

Sunday 11 February 2018 10:44 pm IST

 

പാനൂര്‍: പാനൂരില്‍ സിപിഎം അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് വെട്ടേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെ വളള്യായിലെ കല്ല്യാണ വീട്ടില്‍ അതിക്രമിച്ചു കയറിയ സിപിഎം സായുധസംഘം ഏകപക്ഷീയമായി അക്രമം നടത്തുകയായിരുന്നു. ഭക്ഷണം കഴിക്കുകയായിരുന്ന എലിപല്ലീന്റവിട പ്രകാശന്‍(45), എലിപല്ലീന്റവിട ഷിജു(38), പാത്തിപാലത്തെ നിധിന്‍(28), പത്തായക്കുന്നിലെ സന്തോഷ്(40)എന്നിവരെ യാണ് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

ഇടികട്ട തുടങ്ങിയവ ഉപയോഗിച്ചുള്ള അക്രമത്തില്‍ തലക്കും മുഖത്തും സാരമായി പരിക്കേറ്റ നാലുപേരെയും തലശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാത്തിപാലത്തെ മൊകേരി ലോക്കല്‍ കമ്മറ്റി അംഗം ഷിന്റോ, എടച്ചേരി പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുളള 12 ഓളം പേരാണ് അക്രമത്തിനു പിന്നില്‍. തുടര്‍ന്ന് അക്രമിക്കാന്‍ വന്നവര്‍ക്കു നേരെ ആര്‍എസ്എസ് അക്രമം നടത്തിയെന്ന് പ്രചരിപ്പിച്ച് പാത്തിപാലത്തെ ആശാരിമീത്തല്‍ റിജിന്‍(28), റിജേഷ്(24) എന്നിവരെ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചു. വീട്ടുകാരെ വിളിച്ചുണര്‍ത്തിയ ശേഷം സഹോദരങ്ങളായ ഇരുവരെയും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

റിജേഷിന്റെ കൈകാലുകള്‍ക്കും കഴുത്തിനും സാരമായ പരിക്കുണ്ട്. റിജിനിന്റെ കാലിനു വെട്ടേറ്റു. 25 ഓളം വരുന്ന സിപിഎം അക്രമി സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ദൃക്ക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഏറെസമയം കഴിഞ്ഞാണ് അക്രമികള്‍ അവിടെ നിന്നും പിരിഞ്ഞു പോയത്. പാനൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ തലശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പാനൂര്‍ സിഐ വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.