ശിവരാത്രി മഹോത്സവം നാളെ; ഉത്സവത്തിനായി ഒരുങ്ങി ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങള്‍

Sunday 11 February 2018 10:45 pm IST

 

ഇരിട്ടി: നാളെ നടക്കുന്ന ശിവരാത്രി ആഘോഷങ്ങള്‍ക്കായി ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളൊരുങ്ങി. മൂലോത്തും കുന്ന് കൈരാതി കിരാതക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവപാര്‍വതി പൂജ നടക്കും. രാവിലെ 9.30ന് നടക്കുന്ന ശിവ പാര്‍വതി പൂജക്ക് പ്രമുഖ ശ്രീവിദ്യോപാസകന്‍ എ.ഗോപാലകൃഷ്ണന്‍ കാര്‍മ്മികത്വം വഹിക്കും. വിശേഷാല്‍ പൂജകള്‍,അഖണ്ഢനാമജപം, നിറമാല , ചുറ്റുവിളക്ക്, പ്രഭാഷണം എന്നിവയും ഇതോടൊപ്പം നടക്കും. 

കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, നവകപൂജ, നവകാഭിഷേകം എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് ഇളനീര്‍ക്കാവ് വരവ്, ദീപസമര്‍പ്പണം, ദീപാരാധന, പാനകവിതരണം എന്നിവക്ക് ശേഷം വിശേഷ ദ്രവ്യങ്ങള്‍ കൊണ്ടുള്ള അഞ്ച് യാമപൂജകള്‍ നടക്കും. രാത്രി 7 മണിക്ക് ദിനേശന്‍ പരിക്കളത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണവും 10 മണിക്ക് പ്രാദേശിക കലാപരിപാടികളും അരങ്ങേറും. രാവിലെ 6.30 മുതല്‍ വൈകുന്നേരം 6 മണിവരെ അഖണ്ഡ നാമജപവും ദീപാരാധനയ്ക്കു ശേഷം തുലാഭാരം തൂക്കലും നടക്കും. 

കീഴ്പ്പള്ളി പാലരിഞ്ഞാല്‍ മഹാദേവക്ഷേത്രത്തില്‍ വൈകുന്നേരം 5 മണിക്ക് താലപ്പൊലി ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്ത്യങ്ങള്‍, ചെടിക്കുളം കമലാ ജനാര്‍ദ്ദനന്റെ കഥാപ്രസംഗം, പതിയില്‍ ബാലകൃഷ്ണന്റെ പ്രഭാഷണം എന്നിവയും നടക്കും. സാംസ്‌കാരിക സമ്മേളനം ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. 

ഉളിക്കല്‍ വയത്തൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 7 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ.എം.പി.ചന്ദ്രാംഗദന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്ധ്യാത്മിക പ്രഭാഷണം, തിരുവാതിരക്കളി, ഗീതാപാരായണം, ഭജന, ഭക്തിഗാനമേള എന്നിവ നടക്കും. 

തില്ലങ്കേരി മഹാശിവക്ഷേത്രത്തില്‍ മഹാഗണപതിഹോമം, മഹാ മൃത്യുഞ്ജയ ഹോമം, സമൂഹ പ്രാര്‍ത്ഥന, വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം, ചുറ്റുവിളക്ക്, നിറമാല എന്നിവയും നടക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.