ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍

Monday 12 February 2018 2:30 am IST

ചുരുങ്ങിയ ഫീസ് നിരക്കില്‍ ഗുണമേന്മയോടുകൂടിയ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്ന സ്ഥാപനമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അഥവാ 'എയിംസ്.' കേന്ദ്രസര്‍ക്കാരിന് കീഴിലാണിത്.

എയിംസിന്റെ ന്യൂദല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, പാറ്റ്‌ന, റായ്പൂര്‍, ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്), നാഗ്പൂര്‍ (മഹാരാഷ്ട്ര), ഋഷികേശ്, ജോധ്പൂര്‍ എന്നീ ക്യാമ്പസുകളിലായി ഇക്കൊല്ലം ഓഗസ്റ്റിലാരംഭിക്കുന്ന എംബിബിഎസ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 26, 27 തീയതികളില്‍ ദേശീയതലത്തില്‍ നടക്കും. ആകെ 807 സീറ്റുകളിലാണ് പ്രവേശനം.

പ്രവേശനപരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ്/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 60 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍ക്കും (ഒപിഎച്ച്) യോഗ്യതാപരീക്ഷക്ക് 50 % മാര്‍ക്ക് മതിയാകും. ഇക്കൊല്ലം ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 31.12.2018 ല്‍ പ്രായം 17 വയസ് തികയണം.

അപേക്ഷാഫീസായി ജനറല്‍, ഒബിസി വിഭാഗങ്ങളിലുള്ളവര്‍ 1500 രൂപ അടയ്ക്കണം. എസ്‌സി/എസ്ടിക്കാര്‍ക്ക് 1200 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ്ബാങ്കിംഗ് മുഖാന്തരം അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.

www.aiimsexams.org ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 2018 മാര്‍ച്ച് 5 വരെ അപേക്ഷ സ്വീകരിക്കും. സൗകര്യപ്രദമായ ടെസ്റ്റ് സെന്ററുകള്‍ ലഭിക്കുന്നതിന് കാലേക്കൂട്ടി അപേക്ഷിക്കുന്നതാണ് നല്ലത്.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഓരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 9 മുതല്‍ 12.30 വരെയും 3 മുതല്‍ 6.30 വരെയും നടത്തുന്നതാണ്. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ഒറ്റ പേപ്പറാണ് പരീക്ഷക്കുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജനറല്‍ നോളഡ്ജ്/ആപ്ടിട്യൂഡ് ആന്റ് ലോജിക്കല്‍ തിങ്കിംഗ് മേഖലകളിലായി 200 ചോദ്യങ്ങളുണ്ടാവും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് പരീക്ഷാകേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ഇക്കൊല്ലത്തെ കട്ട് ഓഫ് മാര്‍ക്ക്- ജനറല്‍ കാറ്റഗറി- 50 %, ഒബിസി-എന്‍സിഎല്‍- 45 %, എസ്‌സി/എസ്ടി-40% എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.

എയിംസ് ന്യൂദല്‍ഹിയില്‍ 107 സീറ്റുകളുണ്ട്. ഗുണ്ടൂരിലും നാഗ്പൂരിലുമുള്ള എയിംസുകളില്‍ 50 സീറ്റുകള്‍ വീതം. മറ്റ് ക്യാമ്പസുകളില്‍ 100 സീറ്റുകള്‍ വീതമുണ്ട്. എംബിബിഎസ് കോഴ്‌സിന് 1350 രൂപയാണ് വാര്‍ഷിക ട്യൂഷന്‍ഫീസ്. വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ www.aiimsexams.org- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.