റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; റയലിന് വമ്പന്‍ വിജയം

Monday 12 February 2018 2:41 am IST

മാഡ്രിഡ്: സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കില്‍ റയല്‍ മാഡ്രിഡിന് ലാലിഗയില്‍ വമ്പന്‍ വിജയം. റയല്‍ സോസീഡാഡിനെ അവര്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു.

27, 37, 80 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് റൊണാള്‍ഡോ ഹാട്രിക്ക് തികച്ചത്. തുടക്കത്തില്‍ തന്നെ ലുകാസ് വാസക്വിസ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 34-ാം മിനിറ്റില്‍ ക്രൂഗ്‌സ് ഒരു ഗോള്‍ നേടി. ജോണ്‍ ബൗടിസ്റ്റ, ഇല്ലാര്‍മെന്‍ഡി എന്നിവരാണ് റയല്‍ സോസീഡാഡിന്റെ ഗോളുകള്‍ നേടിയത്.

റയല്‍ മാഡ്രിഡിന്റെ ഈ വമ്പന്‍ വിജയം നെയ്മറുടെ പാരീസ് സെന്റ് ജര്‍മെയിന്‍സിനുള്ള മുന്നറിയിപ്പാണ്്. ബുധനാഴ്ച റയലിന്റെ തട്ടകത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റയല്‍ മാഡ്രിഡ് പിഎസ്ജിയെ എതിരിടും.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് മലാഗയെ തോല്‍പ്പിച്ചു. ആന്റണി ഗ്രീസ്മാനാണ് ഗോള്‍ നേടിയത്.

അലാവസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിയ്യറയലിനെ പരാജയപ്പെടുത്തി. ഐബാര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലീഗന്‍സിനെ മറികടന്നു.