പൂനെ എഫ്‌സിക്ക് ജയം; പ്ലേ ഓഫിനരികില്‍

Monday 12 February 2018 2:45 am IST

മുംബൈ: ആതിഥേയരായ മുംബൈ സിറ്റി എഫ് സി തോല്‍പ്പിച്ച് പൂനെ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പ്ലേ ഓഫിലേക്ക് ഒരു പടികൂടിയടുത്തു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പൂനെ വിജയം നേടിയത്. രാജു ഗെയ്ക്ക്‌വാദ് ദാനം നല്‍കിയ ഗോളില്‍ മുന്നിലെത്തിയ പൂനെ മാഴ്‌സിലഞ്ഞോയുടെ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു.   

ഈ വിജയത്തോടെ പൂനെ എഫ് സി 15 മത്സരങ്ങളില്‍ 28 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബംഗളൂരു എഫ് സിയെക്കാള്‍ അഞ്ചു പോയിന്റ് പിന്നിലാണവര്‍.

അതേസമയം സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങിയ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ന്നു. 14 മത്സരങ്ങളില്‍ 17 പോയിന്റുള്ള അവര്‍ ഏഴാം സ്ഥാനത്താണ്.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ പൂനെ തുടക്കത്തില്‍ തന്നെ ഗോള്‍ ലക്ഷ്യമാക്കി നീക്കങ്ങള്‍ നടത്തി. രണ്ടാം മിനിറ്റില്‍ അവര്‍ കോര്‍ണര്‍ നേടിയെങ്കിലും ഗോള്‍ നേടാനായില്ല. 

പതിനേഴാം മിനിറ്റില്‍ പൂനെ ഗോളിനടുത്തെത്തി. അഡില്‍ ഖാന്‍ നീട്ടിക്കൊടുത്ത പന്ത് കാലില്‍ കുരുക്കി മാഴ്‌സിലഞ്ഞോ ഗോള്‍ വല ലക്ഷ്യമാക്കി ഷോട്ട് പായിച്ചെങ്കിലും പന്ത് പറന്നകന്നു. തൊട്ടടുത്ത നിമിഷത്തില്‍ സെല്‍ഫ് ഗോള്‍ പിറന്നു. പൂനെയുടെ സാര്‍ത്തക്ക് മുംബൈയുടെ ബോക്‌സിനുള്ളില്‍ നിന്ന് ഡീഗോ കാര്‍ലോസിന് ക്രോസ് നല്‍കി. പക്ഷെ പന്ത് മുംബൈതാരം രാജു ഗെയ്ക്ക് വാദിന്റെ ശരീരത്തില്‍ തട്ടി ഗോളിയേയും മറികടന്ന് വലയില്‍ കയറി. 

ആദ്യ പകുതിയില്‍ ഏറെ സമയവും മുംബൈയാണ് കളിക്കളം അടക്കിവാണത്. അവരുടെ എമാന ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവയൊക്കെ ഗോളാക്കുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ പൂനെ 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ പൊരുതിക്കളിച്ച മുംബൈ രണ്ട് തുറന്ന അവസരങ്ങള്‍ പാഴാക്കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബല്‍വന്ത് പൂനെയുടെ പോസ്റ്റിനടുത്ത നിന്ന് തൊടുത്തുവിട്ട ഷോട്ട് വിശാല്‍ കെയ്ത്ത് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.

രണ്ട് മിനിറ്റുകള്‍ക്ക്‌ശേഷം തിയാഗോ സാന്റോസ് അവസരം പാഴാക്കി. ഗോള്‍ പോസ്റ്റിന് തൊട്ടടുത്തുനിന്ന് പായിച്ച ഷോട്ട് ലക്ഷ്യം കാണാതെ പോയി. 83-ാം മിനിറ്റില്‍ മാഴ്‌സിലഞ്ഞോ ഗോള്‍ നേടി പൂനെയുടെ വിജയമുറപ്പാക്കി. പന്തുമായി കയറി വന്ന ലൂക്ക ,മാഴ്‌സിലഞ്ഞോയ്ക്ക്് പാസ് നല്‍കി. പിഴയ്ക്കാത്ത ഷോട്ടിലൂടെ  മാഴ്‌സിലഞ്ഞോ ലക്ഷ്യം കണ്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.