പിഴവുകള്‍ തോല്‍വി സമ്മാനിച്ചു

Monday 12 February 2018 2:30 am IST

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നില്ലെന്ന് നാകയന്‍ വിരാട് കോഹ്‌ലി. നാലാം മത്സരത്തിലെ തോല്‍വിക്കുശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു കോഹ്‌ലി.

നിര്‍ണാകയമായ നാലാം മത്സരത്തില്‍ ഇന്ത്യ രണ്ട് പിഴവുകള്‍ വരുത്തി. ഈ പിഴവുകളാണ് തോല്‍വിക്ക് കാരണം. ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിക്കൊണ്ടിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലര്‍ രണ്ടു തവണ ഫീഡര്‍മാരുടെ കൈകളില്‍ നിന്ന് വഴുതിപ്പോയി. അവസരങ്ങള്‍ മുതലാക്കാത്ത നമ്മള്‍ വിജയം അര്‍ഹിക്കുന്നില്ലെന്ന് കോഹ് ലി പറഞ്ഞു.

യുവേന്ദ്ര ചഹലിന്റെ പന്തില്‍ ഡേവിഡ് മില്ലര്‍ നല്‍കിയ ക്യാച്ച് ശ്രേയസ് അയ്യര്‍ കൈവിട്ടതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമെന്ന് നൂറാം ഏകദിനത്തില്‍ സെഞ്ചുറി കുറിച്ച് റെക്കോഡിട്ട ഓപ്പണര്‍ ശിഖര്‍ ധവാന്‍ പറഞ്ഞു.

ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റിന് 289 റണ്‍സ് നേടി. തുടര്‍ന്ന് മഴയെത്തിയതിനാല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി കുറിച്ചു.

ട്വന്റി 20 മത്സരം പോലെ അടിച്ചുതകര്‍ത്ത ദക്ഷിണാഫ്രിക്ക 25.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 207 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.

ശ്രേയസ് അയ്യര്‍ കൈവിട്ടു കളഞ്ഞ ഡേവിഡ് മില്ലറും ക്ലാസനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. മില്ലര്‍ 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും അടിച്ച് 39 റണ്‍സ് എടുത്തു. ക്ലാസന്‍ 27 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും പൊക്കി 43 റണ്‍സുമായി പുറത്താകാതെ നിന്നു.

ഈ വിജയത്തോടെ പിങ്ക് ജേഴ്‌സിയില്‍ തോല്‍വിയറിയാത്ത റെക്കോഡ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി. ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍ന്നടിഞ്ഞ ആതിഥേയര്‍ക്ക് ഈ വിജയം ആത്മവിശ്വാസം പകര്‍ന്നു. അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി വിജയമാവര്‍ത്തിച്ചാല്‍ അവര്‍ക്ക് പരമ്പര സമനിലയാക്കാം. അഞ്ചാം ഏകദിനം ചൊവ്വാഴ്ച നടക്കും. ജയിച്ചാല്‍ ഇന്ത്യക്ക് ചരിത്ര നേട്ടം സ്വന്തമാക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.