സഹകരണ സംഘങ്ങളില്‍ കയ്യിട്ട് വാരാന്‍ സര്‍ക്കാര്‍: പുതിയ നയവും സംശയത്തിന്റെ നിഴലില്‍

Monday 12 February 2018 2:30 am IST

കണ്ണൂര്‍: സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ സാമ്പത്തിക ബാധ്യതകള്‍ അടിച്ചേല്‍പ്പിച്ച് ഘട്ടംഘട്ടമായി സംഘങ്ങളെ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുളള  നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. സഹകരണ കോണ്‍ഗ്രസിനു ശേഷം സംസ്ഥാന സഹകരണ മന്ത്രി പ്രഖ്യാപിക്കുമെന്ന് പറയുന്ന പുതിയ സഹകരണ നയവും സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുളള തീരുമാനമടക്കം സഹകരണ മേഖലയെ ഗുരുതരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങളാണ് പുതിയ നയത്തിലുളളതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യതയുള്‍പ്പെടെ സഹകരണ സംഘങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതോടെത്തന്നെ പല സഹകരണ സംഘങ്ങളും വലിയ പ്രതിസന്ധിയിലെത്തിച്ചേരുമെന്ന് ജീവനക്കാരും സംഘം ഭരണസമിതി അംഗങ്ങളും പറയുന്നു. ഏതാനും മാസം മുമ്പ് ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കെഎസ്ആര്‍ടിസി വാങ്ങിയ വായ്പയുടെ തിരിച്ചടവ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.

കെഎസ്ആര്‍ടിസിയെ പോലുളള സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാന്‍ വളരെ മുമ്പ് തന്നെ ജില്ലാ സഹകരണ ബാങ്കുകള്‍ പല ഘട്ടങ്ങളിലും വൈമുഖ്യം കാണിച്ച സംഭവങ്ങളുണ്ടായിരുന്നു. വായ്പ നല്‍കാനുള്ള തീരുമാനത്തിനെതിരെ കണ്ണൂര്‍ ജില്ലാ ബാങ്കിലെ ജീവനക്കാരുടെ ഇടതുപക്ഷ യൂണിയന്‍ നേതാവ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇയാളെ സംഘടനാ നേതൃസ്ഥാനത്തു നിന്നും മാറ്റിയ സംഭവങ്ങള്‍വരെ ഉണ്ടായിരുന്നു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ആറുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാനായി സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി 300 കോടി രൂപ വായ്പ ലഭ്യമാക്കാനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വിവിധ ബാങ്കുകളില്‍ നിന്നും ഇത്തരത്തില്‍ പെന്‍ഷന്‍ വകയില്‍ പണം നല്‍കുന്നത് പല ബാങ്കുകള്‍ക്കും കടുത്ത ബാധ്യതയാകുമെന്ന് സഹകരണസംഘം ജീവനക്കാരും ഭരണസമിതിയും ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.